ഓപ്പണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള കുനാല്‍ മാത്യൂസ് ജേതാവായപ്പോള്‍ മധുര സ്വദേശി ഹരി രാജന്‍ റണ്ണറപ്പായി.
കൊച്ചി: പിക്ക്‌ലേഴ്‌സ് ഹബ്ബിന്റെ നേതൃത്വത്തില്‍ എളംകുളം ചിലവനൂരിലെ റാലി ലാബ്‌സില്‍ നടന്നു വന്ന ‘ക്വീന്‍ ഓഫ് അറേബ്യന്‍ സീ’ പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം. ഓപ്പണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള കുനാല്‍ മാത്യൂസ് ജേതാവായപ്പോള്‍ മധുര സ്വദേശി ഹരി രാജന്‍ റണ്ണറപ്പായി. ഓപ്പണ്‍ ഡബിള്‍സില്‍ ബംഗളൂരുവിന്റെ കുനാല്‍ മാത്യൂസ്, കൃഷ്ണ കുമാര്‍ സഖ്യം കിരീടം ചൂടി. വുമണ്‍സ് സിംഗിള്‍സില്‍ ബംഗളൂരുവില്‍ നിന്നുള്ള ഭവ്യ വിജയിയായി, കൊച്ചി സ്വദേശി ശ്രീജന താപ്പ രണ്ടാം സ്ഥാനം നേടി. വുമണ്‍സ് ഡബിള്‍സില്‍ ഭവ്യയും റെബേക്കയും (ബംഗളൂരു) ഒന്നാം സ്ഥാനവും, തൃശൂരില്‍ നിന്നുള്ള അനുവും ശ്രീജയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മിക്‌സഡ് ഡബിള്‍സില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹരി മഹേശ്വരി ടീം ജേതാക്കളായി. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക് ഇളങ്കോ, തൃശൂര്‍ നിന്നുള്ള പ്രസിത എന്നിവര്‍ റണ്ണറപ്പായി. ബിഗിനര്‍ ഡബിള്‍സ് വിഭാഗത്തില്‍ ചേര്‍ത്തലയില്‍ നിന്നുള്ള ശിവന്‍ സന്തോഷും സച്ചിന്‍ സുരേഷും വിജയികളായപ്പോള്‍, ഗ്ലേഡിലെ ജെസിലും ഗോകുലും റണ്ണറപ്പായി. ഇന്റര്‍മീഡിയറ്റ് ഡബിള്‍സില്‍ മധുരയില്‍ നിന്നുള്ള ഹരി രാജന്‍ വിവേകാനന്ദന്‍ ടീം വിജയികളായി. കൊച്ചിയില്‍ നിന്നുള്ള ഹാരി ടോജോ, ബിലു ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. 35 പ്ലസ് സിംഗിള്‍സില്‍ തൃശ്ശൂരില്‍ നിന്നുള്ള സനീഷ് കാര്യത്ത് വിജയിയായി, വിനീത് ആര്‍. നായര്‍ റണ്ണറപ്പായി. 35 പ്ലസ് ഡബിള്‍സില്‍ കോഴികോട് സ്വദേശികളായ ഫിറോസ് തെക്കത്തും അര്‍ജുന്‍ കൃഷ്ണനും കിരീടം നേടി.
ഓപ്പണ്‍ ഡബിള്‍സ് റണ്ണറപ്പുകളായി ചേര്‍ത്തലയില്‍ നിന്നുള്ള അക്ഷയ് സുരേഷും തിരുവനന്തപുരത്തു നിന്നുള്ള വിനീത് ആര്‍. നായരും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 35 പ്ലസ് ഡബിള്‍സ് വിഭാഗത്തില്‍ തൃശൂരില്‍ നിന്നുള്ള സന്ദേഷ് കാര്യദും ജിതിന്‍ രഞ്ജിത്തും റണ്ണറപ്പുകളായി. 50 പ്ലസ് ഡബിള്‍സില്‍ ഭൂഷണ്‍ അകുട്ട് (മുംബൈ), ഡാനിയല്‍ ഡേവിസ് (തൃശൂര്‍) ടീം വിജയികളായി. ചെന്നൈയില്‍ നിന്നുള്ള ടോണി ചാക്കോ, ഈശ്വരന്‍ അണ്ണാമലൈ എന്നിവരാണ് റണ്ണറപ്പായത്. 60 പ്ലസ് സിംഗിള്‍സ് വിഭാഗത്തില്‍ മുംബൈയില്‍ നിന്നുള്ള ഭൂഷണ്‍ അകുട്ട് വിജയിച്ചപ്പോള്‍ മുംബൈയുടെ തന്നെ ടോണി ചാക്കോ രണ്ടാം സ്ഥാനം നേടി.

