തൃശ്ശൂര്‍ : ക്യാമ്പസ് കാലത്തെ മൂന്ന് പതിറ്റാണ്ടിന്റെ സുന്ദരമായ ഓര്‍മ്മകളിലേക്ക് തിരികെ നടക്കാന്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ 1996 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നു. വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ നിന്ന് ബിരുദം നേടി, ഇന്ന് ലോകത്തിന്റെ 16ഓളം രാജ്യങ്ങളില്‍ പ്രൊഫഷണലുകളായി തിളങ്ങുന്ന നാന്നൂറിലധികം സഹപാഠികളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള മഹാസംഗമം ‘തിരികെ 96’ ഇന്ന് (18.07.2026) കോളേജിലെ മിലേനിയം ഹാളില്‍ അരങ്ങേറും.
രാവിലെ 8.30ന് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് സുധി ഭൂഷന്‍, സെക്രട്ടറി ജീവന്‍ ജോയ്, ട്രഷറര്‍ സുബാഷ് മുല്ലനേഴി, വൈസ് പ്രസിഡന്റ് സിന്ദു അഗസ്റ്റ്യന്‍, ട്രസ്റ്റ് ഓഥര്‍ സാബു രാമന്‍, പ്രോഗ്രാം ഹെഡ് രമേഷ് പ്രഭു എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചടങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ആര്‍. ജയന്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി ആരംഭിക്കുന്ന ‘ജിഇസിടി 1996 ട്രസ്റ്റിന്റെ’ ഉദ്ഘാടനം കോളേജ് അലുംനി രക്ഷാധികാരി പ്രൊഫ.കൃഷ്ണകുമാറും, ട്രസ്റ്റ് ലോഗോ പ്രകാശനം ആര്യാ ഐ കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ബി. മിനു ദത്തും നിര്‍വ്വഹിക്കും. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോളേജിന്റെ സമീപ പഞ്ചായത്തുകളിലെ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും, അര്‍ഹരായവര്‍ക്ക് സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തും. പൂര്‍വ്വവിദ്യാര്‍ത്ഥിയും വിശ്രാം ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ ശ്രീരഞ്ജും കൂട്ടായ്മയുടെ വിജയത്തിനായി മുന്‍പന്തിയിലുണ്ട്.
നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ക്യാമ്പസ് സൗഹൃദം പുതുക്കാനുള്ള ഈ ഒത്തുചേരല്‍ വലിയൊരു ആവേശമാണെന്ന് തിരികെ 96 എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തിരികെ 96 കമ്മിറ്റി പ്രസിഡന്റ് സുധി ഭൂഷന്‍, സെക്രട്ടറി ജീവന്‍ ജോയ്, ട്രഷറര്‍ സുബാഷ് മുല്ലനേഴി, വൈസ് പ്രസിഡന്റ്മാരായ സിന്ധു അഗസ്റ്റ്യന്‍,അനില്‍ കെ. അഗസ്റ്റ്യന്‍,ട്രസ്റ്റ് ഓഥര്‍ സാബു രാമന്‍, പ്രോഗ്രാം ഹെഡ് രമേഷ് പ്രഭു, ജോയ്ന്റ് സെക്രട്ടറിമാരായ ജെയ്‌സണ്‍ ജോണ്‍, എ.സി. ശാരദാദേവി, കോര്‍പ്പറേറ്റ് കണക്ട് അഞ്ജലി നായര്‍, സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ സി. ശ്രീരഞ്ജ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
ജി.ഇ.സി.ടി 1996 ട്രസ്റ്റ്: ലക്ഷ്യവും ദൗത്യവും
ജി.ഇ.സി.ടി (GECT) 1996 ബാച്ചിലെ സഹപാഠികള്‍ക്കിടയില്‍ പരസ്പര സഹകരണത്തിന്റെ പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനും, അതുവഴി വരുംതലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു സുസ്ഥിരമായ സാമൂഹിക പൈതൃകം സൃഷ്ടിക്കാനുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 1996 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദബന്ധവും ഒത്തൊരുമയും കൂടുതല്‍ ദൃഢമാക്കുക എന്നതാണ് ട്രസ്റ്റിന്റെ പ്രധാന ദൗത്യം. അതോടൊപ്പം, ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന സഹപാഠികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായ സ്വകാര്യതയും ആത്മാഭിമാനവും ഉറപ്പുവരുത്തിക്കൊണ്ട് സമയബന്ധിതമായ സഹായഹസ്തം എത്തിക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നു.
കേവലം ഒരു സൗഹൃദക്കൂട്ടായ്മ എന്നതിനപ്പുറം, വിദ്യാഭ്യാസപരിസ്ഥിതി സംരക്ഷണം, കാരുണ്യപ്രവര്‍ത്തനങ്ങള്‍, പ്രാദേശിക വികസനം എന്നിവയിലൂടെ സമൂഹത്തിന് ഉതകുന്ന വലിയ സംഭാവനകള്‍ നല്‍കാനും ട്രസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ അറിവും പ്രൊഫഷണല്‍ രംഗത്തെ ദീര്‍ഘകാല പരിചയസമ്പത്തും ഉപയോഗിച്ച് പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം (Mentoring) നല്‍കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ സേവനപ്രവര്‍ത്തനങ്ങളെല്ലാം വരുംതലമുറകളിലേക്കും തടസ്സമില്ലാതെ വ്യാപിപ്പിക്കുന്നതിനായി ശക്തവും സുസ്ഥിരവുമായ ഒരു ഫണ്ട് (Corpus Fund) കെട്ടിപ്പടുക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

