കൊച്ചി : വിശ്വഹിന്ദു ദേവസ്വം ക്ഷേത്രങ്ങളില്‍ ഭിന്നശേഷിക്കാരായ വിശ്വാസികള്‍ക്ക് തടസ്സങ്ങളില്ലാതെ സുഗമമായ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനായി ‘ദിവ്യാംഗ സൗഹൃദ ദിവ്യദര്‍ശനം’ പദ്ധതിക്ക് തുടക്കമായി. ജന്മനാ പോളിയോ ബാധിതനും ‘സക്ഷമ’ സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയുമായ എന്‍. ആര്‍. മേനോന്‍ വീല്‍ചെയറില്‍ ഇരുന്ന് കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രദര്‍ശനം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
വിശ്വഹിന്ദു ദേവസ്വത്തിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനായി റാംപുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്ഷേത്രജീവനക്കാരുടെ പ്രത്യേക സഹായവും ഈ പദ്ധതിയിലൂടെ ഉറപ്പാക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു. സംസ്ഥാന ദേവസ്വം വകുപ്പിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും സമാനമായ രീതിയില്‍ ദിവ്യാംഗ സൗഹൃദ ദിവ്യദര്‍ശനം പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ പാവക്കുളം ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, സംഘടനാ സെക്രട്ടറി കെ. ആര്‍. കണ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, ജോയ്ന്റ് സെക്രട്ടറി അബിനു സുരേഷ്, ജില്ലാ സെക്രട്ടറി ആര്‍.വി.പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു
ദിവ്യാംഗ ദിവ്യദര്‍ശനം പദ്ധതി: അറുപതാം വയസ്സില്‍ ഇഷ്ടഭഗവാനെ തൊഴുത് സുമ വര്‍മ്മ
അറുപതാം വയസ്സില്‍ വീല്‍ചെയറിന്റെ സഹായത്തോടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ഇഷ്ടഭഗവാനെ അടുത്ത് കണ്ട് തൊഴാന്‍ സാധിച്ചതിലുള്ള വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യവും പങ്കുവെച്ച് തൃപ്പൂണിത്തുറ സ്വദേശിനി സുമ വര്‍മ്മ. ‘മാനവസേവയാണ് മാധവസേവ’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി വിശ്വഹിന്ദു പരിഷത്ത് വൃശ്ചികം ഒന്നിന് തങ്ങളുടെ ദേവസ്വം ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ ‘ദിവ്യാംഗ സൗഹൃദ ദിവ്യദര്‍ശനം’ പദ്ധതിയുടെ ഭാഗമായി കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു സുമ.

ക്ഷേത്രം ശ്രീകോവിലിന് മുന്നില്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി വീല്‍ചെയറിലെത്തിയ ഭക്തരെ മാലയണിയിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിച്ചു. ക്ഷേത്രം ജീവനക്കാരും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും ചേര്‍ന്ന് വീല്‍ചെയറിലെത്തിയ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് ആനയിച്ച് സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കി നല്‍കുകയായിരുന്നു.

