കളമശ്ശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ നടന്ന ‘ടിങ്ക് ഹെര്‍ ഹാക്ക് 4.0’ ഹാക്കത്തോണില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 300 വനിതാ ടെക് മേക്കര്‍മാരും അവരെ പിന്തുണച്ച സ്ഥാപന മേധാവികളും പരിപാടിയില്‍ പങ്കെടുത്തു.
കൊച്ചി: ‘വുമണ്‍ മേക്കേഴ്‌സ് സെലിബ്രേഷന്‍ 2026 കൊച്ചിയില്‍ നടന്നു. ടെക്‌നോളജി നിര്‍മ്മാതാക്കള്‍, മെന്റര്‍മാര്‍, സ്റ്റാര്‍ട്ട്അപ്പ് സ്ഥാപകര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കളമശ്ശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ നടന്ന ‘ടിങ്ക് ഹെര്‍ ഹാക്ക് 4.0’ ഹാക്കത്തോണില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 300 വനിതാ ടെക് മേക്കര്‍മാരും അവരെ പിന്തുണച്ച സ്ഥാപന മേധാവികളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ ശ്രേയ കൃഷ്ണന്‍ (മാനേജിംഗ് ഡയറക്ടര്‍ അനിത ബി ഓര്‍ഗ് ഇന്ത്യ), നിധിയ വി. രാജ് (ഗ്ലോബല്‍ ജി.ടി.എം സ്ട്രാറ്റജി എന്‍വിഡിയ), അഖില സോമനാഥ് (കോഫൗണ്ടര്‍, ടെക് ഫോര്‍ ഗുഡ് കമ്മ്യൂണിറ്റി) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഒ.ഒ. ടോം തോമസ് , കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍ എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി. ഹാക്കത്തോണ്‍ വേദികളായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു. കൂടുതല്‍ സ്ത്രീകള്‍ സാങ്കേതിക ലോകത്തേക്ക് കടന്നുവരുന്നത് വഴി കേരളത്തില്‍ ശക്തമായ ഒരു വനിതാ സംരംഭക നിര ഉയര്‍ന്നു വരികയാണെന്നും സ്ത്രീകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ സഹായിക്കുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഒ.ഒ. ടോം തോമസ് പറഞ്ഞു. സംസ്ഥാനത്തുടനീളം 2,800ലധികം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത വന്‍ ഓഫ് ലൈന്‍ ഹാക്കത്തോണായിരുന്നു ‘ടിങ്ക് ഹെര്‍ ഹാക്ക് 4.0’. ഹാക്കത്തോണില്‍ 1,500ലധികം ആശയങ്ങളാണ് ചര്‍ച്ച ചെയ്തത്.

