തിരുവനന്തപുരം : നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കേന്ദ്ര ഗവണ്മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേപ്പാളിലെ ദുരന്തവുമായി ബന്ധപ്പെട്ട് ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
നേപ്പാളിലുണ്ടായ വെള്ളപ്പൊക്ക ദുരന്തം ഏറെ ദാരുണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ’എക്‌സില്‍’ കുറിച്ചു. ‘ഈ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര ഗവണ്മെന്റ് നേപ്പാളിനൊപ്പം നിലകൊള്ളുന്നു. നേപ്പാളിലെ ദുരന്തവുമായി ബന്ധപ്പെട്ട് ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചുവെന്നും ബാധിക്കപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനക്കൊപ്പം പ്രാദേശിക ഭരണകൂടത്തെയും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും അതീവ ജാഗ്രതയില്‍ നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദ്ദേശവും മാധ്യമ റിപ്പോര്‍ട്ടുകളും അനുസരിച്ച്, നേപ്പാള്‍-ചൈന അതിര്‍ത്തിക്ക് സമീപം ഉണ്ടായതായി സംശയിക്കുന്ന മിന്നല്‍ പ്രളയം കാരണം, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നേപ്പാളിലെ ഫുര്‍കെ ഖോലയിലെ ത്രിശൂലി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ ആഘാതമായി ഇന്ത്യയിലെ ഗന്ദക് നദിയില്‍ ജലനിരപ്പ് ഉയരുന്നതിന് സാധ്യതയുണ്ട്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രാദേശിക ഇന്ത്യന്‍ സമൂഹങ്ങളെ ഒഴിപ്പിക്കുന്നതിനും ഒപ്പം മറ്റ് സൗകര്യങ്ങള്‍ക്കും ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവണ്മെന്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാനും സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കാനും ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജല്‍ ശക്തി മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നേപ്പാള്‍ ഭാഗത്തുള്ള ജലാശയങ്ങളിലെ ജലനിരപ്പ് കുറയുന്നുണ്ടെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നുമാണ് വിലയിരുത്തല്‍.
നേപ്പാള്‍ പ്രദേശത്ത് വിനോദസഞ്ചാരികളായ ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനും വിവരങ്ങള്‍ക്കുമായി വിദേശകാര്യ മന്ത്രാലയവും/കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും അടിയന്തര നമ്പറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് +977 985 131 6807, +977 970 910 7500,+977 981 032 6117 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ എംബസിയുമായി ബന്ധപ്പെടാം.

