ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ (IAF) പുതിയ എയർ ഓഫീസർ ഇൻ-ചാർജ് മെയിന്റനൻസായി (AOM) എയർ മാർഷൽ കെ.എ.എ. സഞ്ജീവ് (എ.വി.എസ്.എം, വി.എസ്.എം) 2026 സെപ്റ്റംബർ 1-ന് ചുമതലയേറ്റു. പുതിയ ചുമതലയേറ്റെടുത്ത ശേഷം ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിലെത്തി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. 39 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 31-ന് വിരമിച്ച എയർ മാർഷൽ സഞ്ജീവ് ഘുരാതിയക്ക് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.

1988 സെപ്റ്റംബർ 3-ന് എയറോനോട്ടിക്കൽ എൻജിനീയറിങ് (മെക്കാനിക്കൽ ബ്രാഞ്ച്) വിഭാഗത്തിലാണ് അദ്ദേഹം വ്യോമസേനയിൽ സർവീസിൽ പ്രവേശിക്കുന്നത്. ഐ.എൽ-76, അവാക്സ് (AWACS), ബോയിംഗ് 737-200 എന്നീ വിമാനങ്ങളിൽ ദീർഘകാല പരിചയസമ്പത്തുള്ള അദ്ദേഹം 2003-ൽ ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ഐ.എൽ-78 എയർ-ടു-എയർ റീഫ്യുവലിംഗ് വിമാനം വ്യോമസേനയുടെ ഭാഗമാക്കുന്നതിനായുള്ള പ്രോജക്റ്റ് ടീമിന് നേതൃത്വം നൽകി. അവാക്സ് വിമാനങ്ങൾ വ്യോമസേനയുടെ പ്രവർത്തനസജ്ജമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന അദ്ദേഹത്തിന്, എയർ ഹെഡ്ക്വാർട്ടേഴ്സിൽ ഡയറക്ടർ ജനറൽ (എയർക്രാഫ്റ്റ്), ഡയറക്ടർ ജനറൽ (സിസ്റ്റം), അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (മെയിന്റനൻസ് പ്ലാൻസ്) തുടങ്ങിയ പ്രധാന പദവികൾ വഹിച്ച പരിചയവുമുണ്ട്. സേവന മികവിന് 2015-ൽ ‘വിശിഷ്ട സേവാ മെഡലും’ (VSM) 2026-ൽ ‘അതി വിശിഷ്ട സേവാ മെഡലും’ (AVSM) നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

