‘റേസ് ടു സീറോ’ പദ്ധതി:  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 2050ഓടെ നെറ്റ് സീറോ സ്ഥാനം കൈവരിക്കും

2050ഓടെ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നെറ്റ് സീറോ ബഹിര്‍ഗമനം കൈവരിക്കും എന്ന പ്രതിജ്ഞ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തു.
കൊച്ചി: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം കൈവരിക്കുന്നതിനുള്ള ആഗോള സഖ്യമായ യുണൈറ്റഡ് നേഷന്‍സ് ‘റേസ് ടു സീറോ’ ക്യാംമ്പയിനില്‍ ഔദ്യോഗികമായി അംഗത്വം നേടി.
‘റേസ് ടു സീറോ’ പ്രതിബദ്ധതയുടെ ഭാഗമായി, 2050ഓടെ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നെറ്റ് സീറോ ബഹിര്‍ഗമനം കൈവരിക്കും എന്ന പ്രതിജ്ഞ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തു. ആഗോളതാപനം ഒന്നര ഡിഗ്രി സെല്‍ഷ്യസ് ആയി പിടിച്ചുനിയര്‍ത്തുന്നതിനായി ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ പരിശ്രമമാണിത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുകയും ഉയര്‍ന്ന സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്യുമെന്ന്  ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ശക്തമായ മാലിന്യ നിര്‍മാര്‍ജന, പുനരുപയോഗ രീതികളിലൂടെ മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുകയും മഴവെള്ള സംഭരണം, മലിനജല സംസ്‌കരണം എന്നിവയിലൂടെ ജലസംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളും വസ്തുക്കളും ലഭ്യമാക്കി ഹരിത പ്രവര്‍ത്തന രീതികള്‍ക്ക് മുന്‍ഗണന നല്‍കും. കാര്‍ബണ്‍ അക്കൗണ്ടിംഗിലും ഊര്‍ജ്ജ നിരീക്ഷണ സാങ്കേതിക വിദ്യകളിലും നിക്ഷേപം നടത്തി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
കാലാവസ്ഥാവൃതിയാനം ആരോഗ്യമേഖലയെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ‘എല്ലാവരെയും നന്നായി പരിചരിക്കുക’ എന്നതാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ദൗത്യം. സ്വാഭാവികമായും ആ ദൗത്യത്തില്‍ നമ്മുടെ പരിസ്ഥിതിയും ഭാഗമാണ്. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് പരിസ്ഥിതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവാണ് ‘റേസ് ടു സീറോ’ ക്യാംമ്പയിനില്‍ ചേരാനുള്ള തീരുമാനത്തിന് പിന്നില്‍. ആസ്റ്റര്‍ ശൃംഖലയുടെ പ്രവര്‍ത്തനം മുഴുവന്‍ സുസ്ഥിരരീതികളിലേക്ക് മാറുന്നതോടെ ആരോഗ്യരംഗത്ത് അതൊരു വലിയ മാതൃകയായി മാറുമെന്നാണ് കരുതുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു