കൊച്ചി: ആഗോള ക്ലൗഡ് അധിഷ്ഠിത സിആർഎം (CRM), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിൽ മുൻനിരയിലുള്ള സെയിൽസ്‌ഫോഴ്‌സ് ഇന്ത്യയിൽ വൻതോതിലുള്ള നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. ഹൈദരാബാദിലെ കമ്പനിയുടെ ‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പ്രവർത്തനം വിജയകരമായി പത്ത് വർഷം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്, 2030-ഓടെ രാജ്യത്തെ 10 ലക്ഷം പഠിതാക്കൾക്ക് എഐ അധിഷ്ഠിത തൊഴിൽ നൈപുണ്യം ലഭ്യമാക്കുന്ന തന്ത്രപ്രധാനമായ ഈ ദീർഘകാല പദ്ധതിക്ക് തുടക്കമിടുന്നത്. കേവലമൊരു ഡിജിറ്റൽ സാക്ഷരതാ പരിപാടിക്കപ്പുറം, ആഗോള വിപണിയിലെ അതിവേഗ സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ തൊഴിൽസേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സെയിൽസ്‌ഫോഴ്‌സിന്റെ സൗജന്യ ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമായ ‘ട്രെയിൽഹെഡ്’ (Trailhead) അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആഗോള ഐടി കമ്പനികൾ എന്നിവയെ കോർത്തിണക്കിയുള്ള ഒരു സമഗ്ര വ്യവസായ സഖ്യത്തിലൂടെയാണ് സെയിൽസ്‌ഫോഴ്‌സ് ഈ ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യ എഐ’ (IndiaAI), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) എന്നിവയുമായി സഹകരിച്ച് രാജ്യവ്യാപകമായി വെർച്വൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ കമ്പനി സംഘടിപ്പിക്കും. ഇതോടൊപ്പം, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (MAHE) ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകളിൽ ‘സെയിൽസ്‌ഫോഴ്‌സ് അക്കാദമിക് സെന്റർസ് ഓഫ് എക്സലൻസ്’ സ്ഥാപിച്ചുകൊണ്ട് പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകും. ഇൻഫോസിസ്, ടിസിഎസ്, അക്സെഞ്ചർ, ഡിലോയിറ്റ്, പിഡബ്ല്യുസി, ഗ്രാന്റ് തോൺടൺ ഭാരത് തുടങ്ങിയ ആഗോള കൺസൾട്ടിംഗ് ഭീമന്മാരടങ്ങുന്ന സെയിൽസ്‌ഫോഴ്‌സ് പാർട്ണർ നെറ്റ്‌വർക്കിലൂടെ ട്രെയിനിംഗ്, മെന്റർഷിപ്പ്, തത്സമയ പ്രോജക്ട് എക്സ്പീരിയൻസ് എന്നിവ ഉറപ്പാക്കി പഠിതാക്കൾക്ക് മികച്ച തൊഴിലവസരങ്ങളിലേക്ക് നേരിട്ടുള്ള പാതയൊരുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ആഗോള സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകാൻ പോകുന്ന അടുത്ത തലമുറ ഐടി വിദഗ്ധരെ ഇന്ത്യയിൽ നിന്ന് തന്നെ വാർത്തെടുക്കാനാണ് കമ്പനി പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്ന് സെയിൽസ്‌ഫോഴ്‌സ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

