അതിവേഗത്തില്‍ ചൂട് വര്‍ധിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയില്‍ വിവിധ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു
കൊച്ചി: ധ്രുവപ്രദേശങ്ങള്‍ ആഗോള ശരാശരിയേക്കാള്‍ നാലിരട്ടി വേഗത്തില്‍ ചൂടുപിടിക്കുകയാണെന്ന മുന്നറിയിപ്പുമായി മറൈന്‍ ശാസ്ത്രജ്ഞര്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള മറൈന്‍ സിംപോസിയം. സിംപോസിയത്തിലാണ് ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്. അതിവേഗത്തില്‍ ചൂട് വര്‍ധിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയില്‍ വിവിധ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കടലിലെ മഞ്ഞുരുകല്‍ ധ്രുവമേഖലയിലെ മാത്രം ആശങ്കയല്ലെന്നും അത് ആഗോള പ്രശ്നമാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന് മേലോത്ത് പറഞ്ഞു. ധ്രുവ മഞ്ഞുപാളികള്‍ ഇല്ലാതാകുന്നത് സമുദ്രജലനിരപ്പ് ഉയരുന്നതിന് കാരണമാകും. ഇത് ഉഷ്ണമേഖലാ തീരങ്ങളെ നേരിട്ട് ബാധിക്കുകയും അറബിക്കടലിലെ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിന് ആവാസവ്യവസ്ഥ അധിഷ്ടിത മാനേജ്മെന്റ് രീതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ആഗോള മറൈന്‍ സിംപോസിയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ശകതിപ്പെട്ടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.
വനിതാ ശാക്തീകരണം, സ്റ്റാര്‍ട്ടപ് പ്രോത്സാഹനം, കടല്‍ മത്സ്യക്കൃഷി വികസനത്തിന് നയരൂപീകരണവും പൊതുസ്വകാര്യ പങ്കാളിത്തവും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികള്‍, കോള്‍ഡ് ചെയിന്‍ സംവിധാനം ശക്തിപ്പെടുത്തല്‍, നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയവ പ്രധാന നിര്‍ദേശങ്ങളാണ്.സമുദ്ര, തീരദേശ മേഖലകളിലെ സ്ത്രീകള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും നൈപുണ്യശേഷി വികസനം, സാങ്കേതികവിദ്യകളുടെ പിന്തുണ, നേതൃത്വ അവസരങ്ങള്‍ എന്നിവ നല്‍കണമെന്ന് സിംപോസിയം ആവശ്യപ്പെട്ടു. ഗവേഷണം, നവീകരണം, നയപരമായ പിന്തുണ എന്നിവയ്ക്കായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പാരിസ്ഥിതിക, സാമൂഹികസാമ്പത്തിക സൂചകങ്ങള്‍ ദേശീയ മത്സ്യബന്ധന മാനേജ്മെന്റ് ചട്ടക്കൂടുകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുയര്‍ന്നു.
സമാപന സമ്മേളനം കുഫോസ് വൈസ്ചാന്‍സലര്‍ ഡോ എ ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ സമൂഹത്തിന്റെ ഉന്നമനത്തിനും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മേഖലയിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍ പരസ്പര സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സിംപോസിയത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ രാജ്യത്തിന്റെ ബ്ലൂ ഇക്കോണമിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

