ഡോ. സബാഹ ഷബ്‌നത്തിന് ആദരം

മെട്രോ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രികന് സിപിആര്‍ നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ച ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തറ്റിസ്റ്റും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സബാഹ ഷബ്‌നത്തെ കൊച്ചി മെട്രോ ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂര്‍ സ്വദേശിയായ അറുപതുകാരന് ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തറ്റിസ്റ്റും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സബാഹ ഷബ്‌നമാണ് കൃത്യസമയത്ത് പ്രഥമശുശ്രൂഷ നല്‍കി യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ പത്തരയോടെയായിരുന്നു സംഭവം. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അമ്മയെ കോഴിക്കോട്ടേക്ക് യാത്രയയച്ച ശേഷം പത്തടിപ്പാലത്തുള്ള ഫഌറ്റിലേക്ക് മടങ്ങാന്‍ സൗത്ത് മെട്രോ സ്‌റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുകയായിരുന്നു ഡോക്ടര്‍.

മെട്രോ ട്രെയിന്‍ മഹാരാജാസ് കോളേജ് സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ ട്രെയിനില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ഈ സമയം എതിര്‍വശത്തിരുന്ന ഒരു യാത്രിക അസ്വസ്ഥതയോടെ വെള്ളം ചോദിക്കുകയും, തൊട്ടടുത്തായി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന മുതിര്‍ന്ന പൗരന്‍ പൊടുന്നനെ ഒരു വശത്തേയ്ക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. അപകടനില മനസ്സിലാക്കി ഉടനടി എത്തിയ ഡോ. സബാഹ ഷബ്‌നം അദ്ദേഹത്തിന്റെ നാഡിമിടിപ്പ് പരിശോധിക്കുകയും ഹൃദയാഘാതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് ഒട്ടും സമയം കളയാതെ രോഗിക്ക് അടിയന്തര സി.പി.ആര്‍. (CPR) നല്‍കാന്‍ ആരംഭിക്കുകയായിരുന്നു.

ട്രെയിന്‍ ടൗണ്‍ഹാള്‍ സ്‌റ്റേഷനില്‍ എത്തുമ്പോഴേക്കും രോഗി ബോധം വീണ്ടെടുക്കുകയും നാഡിമിടിപ്പ് സാധാരണ നിലയിലാവുകയും ചെയ്തു. തുടര്‍ന്ന് ടൗണ്‍ഹാള്‍ സ്‌റ്റേഷനില്‍ വെച്ച് മെട്രോയുടെ മെഡിക്കല്‍ സംഘം രോഗിയെ ഏറ്റെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മതിലുകള്‍ക്ക് പുറത്തും തികഞ്ഞ പ്രൊഫഷണലിസത്തോടെയും സമര്‍പ്പണത്തോടെയും ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഡോ. സബാഹ ഷബ്‌നത്തെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ മെട്രോ ആസ്ഥാനത്ത്  ആദരിച്ചു. ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് എം.ഒ.ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവരും ഡോ. സബാഹയെ ആദരിച്ചു.

താന്‍ ജോലി ചെയ്യുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി അധികാരികളില്‍ നിന്നും സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ പതറാതെ ഇടപെടാന്‍ തനിക്ക് കരുത്തായതെന്ന് ഡോ. സബാഹ പറഞ്ഞു. മികച്ച ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളാണ് തന്റെ ആശുപത്രിയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുഹമ്മദ് ഇര്‍ഷാദാണ് ഡോ. സബാഹയുടെ ഭര്‍ത്താവ്. കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ സഹാ യശല്‍ (നാലാം ക്ലാസ്), ഇന്‍ഷാ മറിയം (ഒന്നാം ക്ലാസ്) എന്നിവരാണ് മക്കള്‍

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു