കൊച്ചി : ഇന്ത്യന്‍ നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് തൃശൂല്‍ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്തിലെ അലക്‌സാണ്ട്രിയ തുറമുഖത്ത് എത്തിച്ചേര്‍ന്നു. സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടന്ന സന്ദര്‍ശന വേളയില്‍ അലക്‌സാണ്ട്രിയ ഹാര്‍ബറിലേക്ക് എത്തിയ ഐ.എന്‍.എസ് തൃശൂലിന് ഈജിപ്ഷ്യന്‍ നാവികസേനയുടെ ‘അല്‍ ഖദീര്‍’ (Al Qadeer) യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

സന്ദര്‍ശനത്തിനിടെ ഐ.എന്‍.എസ് തൃശൂലിലെ കമാന്‍ഡിംഗ് ഓഫീസറും ജീവനക്കാരും അലക്‌സാണ്ട്രിയയിലെ ചാറ്റ്ബി വാര്‍ മെമ്മോറിയല്‍ (Chatby War Memorial) സന്ദര്‍ശിച്ച് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വീരമൃത്യു വരിച്ച 19 ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുരേഷ് കെ. റെഡ്ഡി യുദ്ധക്കപ്പല്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. തുറമുഖ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്ഷ്യന്‍ നാവികസേനയുടെ ‘ഇ.എന്‍.എസ് ബര്‍നീസ്’ (ENS Bernees) എന്ന യുദ്ധക്കപ്പലുമായി ചേര്‍ന്ന് ഐ.എന്‍.എസ് തൃശൂല്‍ സംയുക്ത പാസേജ് അഭ്യാസത്തില്‍ (PASSEX) പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കടലിലെ തന്ത്രപ്രധാനമായ അഭ്യാസ പ്രകടനങ്ങള്‍, വാര്‍ത്താവിനിമയ പരീക്ഷണങ്ങള്‍, ഇന്ധനവും മറ്റ് സജ്ജീകരണങ്ങളും കൈമാറുന്നതിനുള്ള പരിശീലനങ്ങള്‍ എന്നിവ അടങ്ങിയ ഈ സംയുക്ത അഭ്യാസം സഹായകരമായി.

