സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ

കൊച്ചി : സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമേകാൻ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ, മുത്തൂറ്റ് MCred, കൊച്ചി ലിസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുകയുടെ ചെക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ പ്രസിഡന്റ് റൊട്ടേറിയൻ ടോണി ജോൺ, ലിസി ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. പോൾ കരേടന് കൈമാറി. ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ പി.ഡി.ജി. റൊട്ടേറിയൻ ബാബു ജോസഫ്, റോട്ടറി ക്ലബ് മുൻ പ്രസിഡന്റുമാരായ റൊട്ടേറിയൻ ഗോപകുമാർ, റൊട്ടേറിയൻ കെ.കെ. ജോർജ്, റൊട്ടേറിയൻ ടി.ടി. തോമസ് എന്നിവർ പങ്കെടുത്തു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത നിർദ്ധനരായ 300 രോഗികൾക്ക് പദ്ധതിയിലൂടെ സൗജന്യ ഡയാലിസിസ് ചികിത്സയുടെ പ്രയോജനം നേരിട്ട് ലഭ്യമാകും. തുടർച്ചയായി ഡയാലിസിസിന് വിധേയരാകേണ്ടി വരുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭീമമായ ചികിത്സാച്ചെലവിൽ നിന്ന് ആശ്വാസം നൽകുകയും, ആധുനിക വൈദ്യശാസ്ത്ര സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യപരിപാലന മേഖലയിൽ അർഹരായവർക്ക് താങ്ങാവുക എന്ന റോട്ടറിയുടെ സേവന സന്ദേശത്തിന്റെ ഭാഗമായാണ് ഈ ജീവകാരുണ്യ സംരംഭം നടപ്പിലാക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു