ഡെലിവറി പങ്കാളികൾക്കായി 50 പുതിയ ആശ്രയ വിശ്രമകേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ആമസോൺ ഇന്ത്യ

 കേന്ദ്രങ്ങളുടെ എണ്ണം 200 ആയി ഉയർന്നു

തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ഡെലിവറി ഡ്രൈവർമാരുടെയും ഡെലിവറി പങ്കാളികളുടെയും ക്ഷേമം മുൻനിർത്തി 50 പുതിയ ‘ആശ്രയ’ വിശ്രമകേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. പുതിയ കേന്ദ്രങ്ങൾ നിലവിൽ വന്നതോടെ രാജ്യത്തെ എയർ കണ്ടീഷൻ ചെയ്ത ആശ്രയ വിശ്രമകേന്ദ്രങ്ങളുടെ എണ്ണം 200 ആയി ഉയർന്നു. 2026 അവസാനത്തോടെ ഈ ശൃംഖല 250 കേന്ദ്രങ്ങളാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെംഗളൂരു, ഡൽഹി എൻ.സി.ആർ, മുംബൈ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലാണ് പുതിയ ആശ്രയ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കമ്പനി ഭേദമന്യേ ഏത് സ്ഥാപനത്തിലെ ഡെലിവറി ഡ്രൈവർമാർക്കും ജീവനക്കാർക്കും തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ആശ്രയ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എ.സി ഇരിപ്പിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, മൊബൈൽ ചാർജിങ് സൗകര്യങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, വിശ്രമസൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

വിപുലീകരണത്തിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിൽ രണ്ട് മൊബൈൽ ‘ആശ്രയ’ വാനുകൾക്കും തുടക്കമായിട്ടുണ്ട്. ഡൽഹി എൻ.സി.ആർ, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്ക് ശേഷം മൊബൈൽ കേന്ദ്രങ്ങൾ ആരംഭിക്കുന്ന നാലാമത്തെ നഗരമാണ് ബെംഗളൂരു. പ്രധാന ഡെലിവറി റൂട്ടുകളിൽ സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമവും കുടിവെള്ളവും വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2024-ൽ ഡൽഹി എൻ.സി.ആറിൽ തുടക്കം കുറിച്ച ആശ്രയ പദ്ധതി, 2025-ഓടെ 16 നഗരങ്ങളിലായി 100 കേന്ദ്രങ്ങളിലേക്കും 2026 മേയിൽ 150 കേന്ദ്രങ്ങളിലേക്കും വികസിച്ചിരുന്നു. സെപ്റ്റംബറിലെ പുതിയ 50 കേന്ദ്രങ്ങളുടെ പ്രഖ്യാപനത്തോടെയാണ് ആകെ എണ്ണം 200 ആയത്. ആമസോൺ ഇന്ത്യയുടെ ലോജിസ്റ്റിക്സ് ശൃംഖലയിൽ സുരക്ഷ, ആരോഗ്യം, ജീവനക്കാരുടെ സാമ്പത്തിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി 2026-ൽ വിനിയോഗിക്കുന്ന 2,800 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണമെന്ന് ആമസോൺ വക്താക്കൾ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു