കൊച്ചി:പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ എന്നിവയുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനും പാലിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി കളമശ്ശേരിയിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ, ദേശീയ ക്ഷീര വികസന ബോർഡ് (NDDB), സംസ്ഥാന ക്ഷീരവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളമശ്ശേരി സെന്റ് ജോസഫ് ചർച്ച് ഹാളിൽ നടന്ന പരിപാടി ക്ഷീരവികസന വകുപ്പ് സെക്രട്ടറി ഷീബ ജോർജ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.
മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി. എൻ. വത്സലൻ പിള്ള അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്, ദേശീയ ക്ഷീര വികസന ബോർഡ് ജനറൽ മാനേജർ ഡോ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങൾ, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാലിന്റെ മൂല്യശൃംഖലയിലെ വെല്ലുവിളികൾ, ആന്റിബയോട്ടിക്, അഫ്ലാടോക്സിൻ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ക്ഷീരവികസന വകുപ്പ്, മിൽമ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ക്ഷീരകർഷകരും പരിശീലനത്തിൽ പങ്കാളികളായി.

