കൊച്ചി: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെയും ഡിമെൻഷ്യ അവബോധ മാസത്തിന്റെയും ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിനായി കൊച്ചി അമൃത ആശുപത്രിയിൽ ‘അമൃത വയോജന മിത്ര സംഗമം 2026’ വിജയകരമായി സംഘടിപ്പിച്ചു. അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ്, പാലിയേറ്റീവ് മെഡിസിൻ, ഹോം കെയർ വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം വയോജനങ്ങളും അവരെ പരിചരിക്കുന്നവരും പങ്കെടുത്തു. അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്ററും ജനറൽ മാനേജരുമായ ഡോ. രഹ്ന ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ജെറിയാട്രിക്സ് & ഹോം കെയർ വിഭാഗം മേധാവി ഡോ. പ്രിയ വിജയകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ആരോഗ്യകരമായ വാർദ്ധക്യം, മറവിരോഗം അഥവാ ഡിമെൻഷ്യ പ്രതിരോധം, പരിചരണം തുടങ്ങിയ വിഷയങ്ങളിൽ ഡോ. പദ്മശ്രീ, ഡോ. ദിവ്യമോൾ കെ. ശശിധരൻ, ഡോ. രാജശ്രീ, ഡോ. സുബിൻ അഹമ്മദ് എന്നിവർ നയിച്ച ബോധവൽക്കരണ ക്ലാസുകൾ നടന്നു.
മുതിർന്നവരുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കാൻ എത്തിയവർക്കായി സമഗ്രമായ സൗജന്യ ആരോഗ്യ പരിശോധനകളും ഒരുക്കിയിരുന്നു. തൈറോയിഡ് പരിശോധന, ദന്ത പരിശോധന, കാഴ്ച പരിശോധന, ശാരീരിക ദൗർബല്യ പരിശോധന, വീഴ്ചയ്ക്കുള്ള സാധ്യതാ പരിശോധന എന്നിവ സൗജന്യമായി നൽകി. വയോജനങ്ങൾക്കും അവരുടെ കാവലാളുകളായ കെയർഗിവർമാർക്കും ഒരുമിച്ച് പങ്കാളികളാകാൻ സാധിക്കുന്ന വിവിധ സംവേദനാത്മക വിനോദ പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. മുതിർന്നവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം, അവരെ പരിചരിക്കുന്നവരുടെ നിസ്വാർത്ഥ സേവനങ്ങളെ അംഗീകരിക്കാനും ആദരിക്കാനും ഈ സംഗമം വേദിയായി.

