സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ‘മിഷൻ 100കെ’ സിപിആർ പരിശീലനം പൂർത്തിയായി

'മിഷൻ 100കെ' സിപിആർ പരിശീലന പദ്ധതിയുടെ ഭാഗമായി അനുമോദന സർട്ടിഫിക്കറ്റ് ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസിന് സമ്മാനിക്കുന്നു. ഡോ. ഷുഹൈബ് കാദർ, ജി. പൂങ്കുഴലി ഐ.പി.എസ്, മൈക്കിൾ മാത്യു എന്നിവർ സമീപം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്‌സുകളിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവൻരക്ഷാ പ്രാഥമിക ശുശ്രൂഷയിൽ സിപിആർ (CPR) പരിശീലനം നൽകി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും. ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ ‘മിഷൻ 100കെ’ (Mission 100K) പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയ ഹെഡ്ക്വാർട്ടേഴ്‌സിലെ ജീവനക്കാർ “കേരള ഫസ്റ്റ് റെസ്പോണ്ടർ” പദവിക്ക് അർഹരായി.

ഹൃദയസ്തംഭനം സംഭവിച്ചാൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ നൽകുന്ന പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. അപകടസ്ഥലങ്ങളിൽ ആദ്യം എത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഈ പരിശീലനം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് വലിയ കരുത്താകും. വിസ്ഡം4ഫ്യൂച്ചർ പേട്രൺ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്, ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട അനുമോദന സർട്ടിഫിക്കറ്റ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസിന് സമ്മാനിച്ചു.

പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഐ.ജി ജി. പൂങ്കുഴലി ഐ.പി.എസ്, ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ ഡോ. ഷുഹൈബ് കാദർ, വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ മൈക്കിൾ മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് യൂണിറ്റുകൾ, മറ്റ് വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു