തൃശൂര്‍: ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (HMBGRI) തങ്ങളുടെ ചെറുതുരുത്തി ക്യാമ്പസില്‍ ഒരുക്കുന്ന ‘ആയുര്‍ ഉദ്യാനം’ (Ayur Udhyan) 27 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) പ്രസിഡന്റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. ആയുര്‍വേദ പണ്ഡിതരും ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ആയുര്‍വേദത്തിന്റെ തത്വങ്ങളും പ്രകൃതി സംരക്ഷണവും കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷമായ ഒരു അനുഭവവേദിയാണ് ‘ആയുര്‍ ഉദ്യാനം’. ആയുര്‍വേദത്തിലെ സര്‍വ്വതോഭദ്ര ശൈലിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഉദ്യാനത്തില്‍ ജാംഗലം (വരണ്ട പ്രദേശം), അനൂപം (ജലസമൃദ്ധമായ പ്രദേശം), സാധാരണം (മിതപ്രദേശം) എന്നീ മൂന്ന് ആയുര്‍ ദേശങ്ങളും പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇത് ഔഷധ സസ്യങ്ങളുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നു.
ആയുര്‍വേദത്തിലെ അഷ്ടാംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔഷധ സസ്യങ്ങളുടെ ശേഖരം, വിഷചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയ കേരളീയ ചികിത്സാ രീതികളില്‍ ഉപയോഗിക്കുന്ന സസ്യങ്ങള്‍, ഔഷധ സസ്യങ്ങളുടെ പ്രതിനിധി ദ്രവ്യങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് ഔഷധ സസ്യ പാരമ്പര്യവും നാടന്‍ ചികിത്സാ രീതികളും സംരക്ഷിക്കുന്നതിനൊപ്പം ഗവേഷണത്തിനും പഠനത്തിനുമുള്ള ഒരു കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.
‘പാരമ്പര്യ വിജ്ഞാനവും ആധുനിക ശാസ്ത്രവും തമ്മിലുള്ള അവിസ്മരണീയമായ ഒരു സംയോജനമാണ് ആയുര്‍ ഉദ്യാനം. ജനിതകശാസ്ത്രം (Genomics), പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ ആധുനിക വൈദ്യശാസ്ത്ര മേഖലകളിലേക്ക് ലോകം കുതിക്കുമ്പോള്‍, നൂറ്റാണ്ടുകളായി ആരോഗ്യ സംരക്ഷണത്തിന് അടിസ്ഥാനമായ നമ്മുടെ ഔഷധ സസ്യ പാരമ്പര്യത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആയുര്‍വേദവും സസ്യശാസ്ത്രവും ആധുനിക ജീവശാസ്ത്രവും തമ്മിലുള്ള അര്‍ത്ഥവത്തായ സഹകരണത്തിന് ഈ സംരംഭം വഴിയൊരുക്കും,’ എന്ന് സൈജീനോം, മെഡ്ജീനോം, സൈജീനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാം സന്തോഷ് പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ്രവ്യ ബോധിനി’ (Dravya Bodhini) എന്ന പേരില്‍ മൂന്ന് ദിവസത്തെ തീവ്ര പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഡോ. അജയന്‍ സദാനന്ദന്‍, ഡോ. ലക്ഷ്മി എം. എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവ് നേടാന്‍ സാധിക്കും.
എച്ച്.എം.ബി.ജി.ആര്‍.ഐ സയന്റിസ്റ്റ്-ഇന്‍-ചാര്‍ജ് ഡോ. അനൂപ് പി. ബാലന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ കണ്‍സള്‍ട്ടന്റ് സയന്റിസ്റ്റ് ഡോ. അജയന്‍ സദാനന്ദനാണ്. വിവിധ ആയുര്‍വേദ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരായ ഡോ. കെ. മുരളി, ഡോ. പി. പി. കിരാതമൂര്‍ത്തി, ഡോ. കെ. പി. അഞ്ജു, ഡോ. ഗിജി മാത്യു, ഡോ. കെ. കെ. ലത എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

