കൊച്ചി:കേരളത്തിലെ വളർന്നുവരുന്ന സ്വതന്ത്ര സംഗീത പ്രതിഭകൾക്ക് ആഗോളവേദി ഒരുക്കുന്നതിനായി സ്‌പോട്ടിഫൈയുടെ റഡാർ പദ്ധതി മലയാളത്തിലേക്ക് വ്യാപിപ്പിച്ചു. റഡാർ മലയാളത്തിന്റെ ഭാഗമായിപ്രമുഖ ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയെ ആദ്യ സ്‌പോട്ട്‌ലൈറ്റ് കലാകാരിയായി തിരഞ്ഞെടുത്തു. ഹാനിയയുടെ പുതിയ സിംഗിളായ ‘നട്ടംതിരി’ ആണ് ഈ പ്ലേലിസ്റ്റിലെ മുഖ്യ ഗാനം.
മലയാള സംഗീതത്തിന്റെ വളർച്ചയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. സ്‌പോട്ടിഫൈ ഇന്ത്യയിൽ 2019 ൽ എത്തിയതിന് ശേഷം മലയാള സംഗീതത്തിന്റെ ശ്രോതാക്കളുടെ എണ്ണത്തിൽ 5,300 ശതമാനത്തിലധികം വർധനവാണുണ്ടായതെന്ന് 2024 ൽ സ്പോട്ടിഫൈ റിപ്പോർട്ട് ചെയ്തിരുന്നു.സ്‌പോട്ടിഫൈയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ ഭാഷ കൂടിയാണ് മലയാളം.
”കേരളത്തിൽ നിന്ന് വളർന്നുവരുന്ന പുതിയ തലമുറ കലാകാരന്മാരെയും അവരുടെ മൗലികമായ സംഗീതത്തെയും പിന്തുണയ്ക്കുകയാണ് റഡാർ മലയാളത്തിന്റെ ലക്ഷ്യം. കലാകാരന്മാർക്ക് ദീർഘകാല കരിയർ കെട്ടിപ്പടുക്കാൻ ആവശ്യമായ ദൃശ്യപരതയും വേദികളും ഇതിലൂടെ ലഭിക്കും,” സ്‌പോട്ടിഫൈ ഇന്ത്യ മ്യൂസിക് & പോഡ്‌കാസ്റ്റ്‌സ് വിഭാഗം മേധാവി ദ്രുവാങ്ക് വൈദ്യ പറഞ്ഞു.
എഡിറ്റോറിയൽ പിന്തുണ, മാർക്കറ്റിംഗ്, തത്സമയ സംഗീതാവതരണ വേദികൾ (റഡാർ ലൈവ്) എന്നിവയിലൂടെയാണ് പദ്ധതി കലാകാരന്മാരെ ശാക്തീകരിക്കുന്നത്. 1.1 കോടിയിലധികം സ്ട്രീമുകൾ നേടിയ ‘മുൾച്ചെടി’ എന്ന ഗാനത്തിലൂടെ ഇതിനകം ശ്രദ്ധേയയായ ഹാനിയ നഫീസ, പുതിയ ആൽബമായ ‘വാക്കത്ത്’ പുറത്തിറക്കി സംഗീത രംഗത്ത് സജീവമാണ്. കൊച്ചിയിൽ നടന്ന ലോഞ്ച് ചടങ്ങിൽ സ്‌പോട്ടിഫൈ ഫോർ ആർട്ടിസ്റ്റ്‌സ് മാസ്റ്റർക്ലാസും ഹാനിയയുടെ തത്സമയ സംഗീതപരിപാടിയും അരങ്ങേറി.

