കൊച്ചിയില്‍ സംഗീത വിസ്മയം തീര്‍ത്ത് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്

കൊച്ചി : വിഖ്യാത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയുടെ 45-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ‘ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്’ സംഗീത പ്രേമികള്‍ക്ക് ആവേശമായി. ഞായറാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവ് ക്വീന്‍സ് വാക്വേ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് സംഗീത ആരാധകര്‍ ഒത്തുചേര്‍ന്നു. ‘സെ നോ ടു ഡ്രഗ്സ്’  എന്ന സുപ്രധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഗീതം കൊണ്ട് ലഹരിയുടെ വിപത്തുകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതനിശ സംഘടിപ്പിച്ചത്. എല്‍.കെ. ഫൗണ്ടേഷനും ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായാണ് സംഗീത സന്ധ്യ ഒരുക്കിയത്.

പ്രശസ്ത ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമായ ജോര്‍ജ് പീറ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബ് മാര്‍ലിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് അദ്ദേഹം ബോബ് മാര്‍ലിയുടെ ലോകപ്രശസ്തമായ ‘കുഡ് യു ബി ലവ്ഡ്’ എന്ന ഗാനം ആലപിച്ച് സദസ്സിനെ സംഗീത ലഹരിയിലാഴ്ത്തി.പ്രശസ്ത ബാന്‍ഡുകളായ ലൂസ് മത്തായി ലൈവ്, റിവര്‍ ഗയ്സ് ബാന്‍ഡ്, ദി ജോഷ് ട്രീ, ലോബ്സ്റ്റര്‍ ഫ്‌ലൈ എന്നിവര്‍ വേദിയില്‍ സംഗീത വിസ്മയം തീര്‍ത്തു. ഡിജെ അജിത് സെബാന്‍ അവതരിപ്പിച്ച മ്യൂസിക് സെഷനുകളും കാണികളെ ആവേശത്തിലാക്കി.

കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത്, ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേഷ് പുത്തന്‍പുരയില്‍, സുരീന്ദര്‍ സിങ് സേത്തി, ഷാജി ജോര്‍ജ് പ്രണത, പി.എം. ഹാരിസ്, തെന്നല്‍, മത്തായി വര്‍ഗീസ്, എബി എബ്രഹാം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു