സ്വര്‍ണ്ണവില ഇനിയും കുതിക്കും; സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണത്തെ കരുതാം: എ.കെ.ജി.എസ്.എം.എ

കൊച്ചി : ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വര്‍ണ്ണ നിക്ഷേപത്തെ തള്ളിക്കളയാനാവില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ). രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുമ്പോഴും, സ്വര്‍ണ്ണ വിപണിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു.വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശം സാധാരണക്കാരെ സംബന്ധിച്ച് പ്രയാസകരമാണ്. അസുഖങ്ങള്‍, അപകടങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികള്‍ മറികടക്കാന്‍ സാധാരണക്കാര്‍ എന്നും ആശ്രയിക്കുന്നത് സ്വര്‍ണ്ണത്തെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുശക്തമായ അളവുകോല്‍ കൂടിയാണ് സ്വര്‍ണ്ണശേഖരം.

സ്വര്‍ണ്ണം വാങ്ങുന്നത് നിയന്ത്രിക്കുന്നതിലുപരി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം മെട്രോ, മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക,അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കുമെന്ന് സംഘടന വിലയിരുത്തി.

ആഗോള വിപണിയിലെ പിരിമുറുക്കം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ്ണവില വര്‍ധിക്കാനാണ് സാധ്യത. അതിനാല്‍ സ്വര്‍ണ്ണത്തെ ആഭരണമെന്നതിലുപരി ഒരു നിക്ഷേപമായി കണ്ട് അത്യാവശ്യത്തിന് വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍ സെക്രട്ടറി കെ.എം. ജലീല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു