ഡിബിഎസ് ബാങ്ക് ഇന്ത്യ ‘ഡിബിഎസ് ആസ്പയര്‍’ ബാങ്കിംഗ് പദ്ധതി അവതരിപ്പിച്ചു

ഡിജിറ്റല്‍ സാങ്കേതികവിദ്യ വൈദഗ്ധ്യമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ഡിബിഎസ് ആസ്പയര്‍.

കൊച്ചി: ഉയര്‍ന്നുവരുന്ന സമ്പന്ന വിഭാഗത്തെ ലക്ഷ്യമിട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യ തങ്ങളുടെ പുതിയ ബാങ്കിംഗ് പദ്ധതിയായ ‘ഡിബിഎസ് ആസ്പയര്‍’ അവതരിപ്പിച്ചു. 10 ലക്ഷം രൂപയുടെ ‘ടോട്ടല്‍ റിലേഷന്‍ഷിപ്പ് വാല്യൂ’ ഉള്ളവര്‍ക്കോ അല്ലെങ്കില്‍ സേവിംഗ്സ് അക്കൗണ്ടില്‍ പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ ശരാശരി ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്കോ പ്രീമിയം ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഡിബിഎസ് ആസ്പയര്‍ എന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അംബുജ് ചന്ദ്ന പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യ വൈദഗ്ധ്യമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ഡിബിഎസ് ആസ്പയര്‍. സേവിംഗ്സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക്, ബാങ്കിംഗ് സേവനങ്ങള്‍ക്ക് ചാര്‍ജുകളില്ലാത്ത അവസ്ഥ, ബാങ്കിന്റെ അത്യാധുനിക ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്ഫോമായ ‘ഡിജിപോര്‍ട്ട്ഫോളിയോ’-യില്‍ സുഗമമായ ഡിജിറ്റല്‍ ആക്സസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
ഡിബിഎസ് ആസ്പയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഡിബിഎസ് ആസ്പയര്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള അന്താരാഷ്ട്ര ചെലവുകള്‍ക്ക് പൂജ്യം ഫോറെക്സ് മാര്‍ക്കപ്പ് ആയിരിക്കും ഉണ്ടാവുക. സാധാരണയായി ഉയര്‍ന്ന ബാങ്കിംഗ് വിഭാഗങ്ങളില്‍ മാത്രം ലഭ്യമാകുന്ന റിലേഷന്‍ഷിപ്പ് മാനേജറുടെ സേവനം ഡിബിഎസ് ആസ്പയര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ 2 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന മികച്ച പലിശ നിരക്ക് ലഭിക്കും. നിലവിലുള്ള ബാങ്കിംഗ് സേവനങ്ങളില്‍ ഭൂരിഭാഗവും ഒന്നുകില്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതോ അല്ലെങ്കില്‍ വളരെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കു വേണ്ടിയുള്ള പ്രീമിയം വെല്‍ത്ത് സെഗ്മെന്റാണെന്നും അംബുജ് ചന്ദ്ന പറഞ്ഞു. ഇതിനിടയിലുള്ള വളര്‍ന്നുവരുന്ന സമ്പന്ന വിഭാഗം വേണ്ടത്ര പരിഗണിക്കപ്പെടാതെ അവശേഷിക്കുകയാണ്. ഡിബിഎസ് ആസ്പയര്‍ ഈ വലിയ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്ന ഓരോ ഘട്ടത്തിലും ബാങ്ക് അവര്‍ക്കൊരു വിശ്വസ്ത പങ്കാളിയാകണമെന്ന ഞങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു