. കേരളീയരുടെ അഭിമാനമാണ് ശ്രീശങ്കരാചാര്യര്‍. ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കുന്നതിലൂടെ ഓരോ കേരളീയനും അഭിമാനിക്കുവാന്‍ കഴിയും.
കാലടി: ശ്രീശങ്കരജയയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ശ്രീശങ്കരജയന്തി ദിനാഘോഷങ്ങള്‍ സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തെ ലോകത്തിനെ അറിയിച്ച മഹാഗുരുവും കേരളത്തിന്റെ അമൂല്യനിധിയുമാണ് ശ്രീശങ്കരാചാര്യര്‍. ആദിശങ്കരന്റെ ജയന്തി ലോകം മുഴുവന്‍ ആഘോഷിക്കണം. ലോകത്തിന് ശങ്കരനെ സംഭാവന ചെയ്തത് കേരളമാണ്. കേരളീയരുടെ അഭിമാനമാണ് ശ്രീശങ്കരാചാര്യര്‍. ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കുന്നതിലൂടെ ഓരോ കേരളീയനും അഭിമാനിക്കുവാന്‍ കഴിയും. സനാതന ധര്‍മ്മത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന് ധര്‍മ്മസംസ്ഥാപനത്തിനാണ് ആദി ശങ്കരന്‍ ശ്രമിച്ചത്. പ്രതിഷേധങ്ങള്‍ നമ്മുടെ സംസ്‌കാരമല്ല. സംവാദമാണ് നമ്മുടെ സംസ്‌കാരം. പരസ്പരം സംവദിക്കുവാന്‍ കഴിയുന്നതാണ് സനാതന സംസ്‌കൃതി. ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിരുദ്ധ അഭിപ്രായമുള്ളവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയല്ല, പകരം സമാധാനപരമായി സംവദിക്കുകയാണ് ചെയ്യേണ്ടത്. അദൈ്വത വേദാന്തമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളെ പോലെ കേവലം ഒരു സര്‍വ്വകലാശാല മാത്രമല്ല, വൈശിഷ്ട്യമുള്ള സര്‍വ്വകലാശാലയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ശങ്കരകൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം അവതരിപ്പിച്ച സംഗീത സപര്യയും ഡാന്‍സ് വിഭാഗം അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരവും നടന്നു.

