കൊളംബോ : ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സമഗ്ര സുരക്ഷയ്ക്കും സമൃദ്ധിക്കും സുരക്ഷിതമായ സമുദ്രപാതകൾ, സ്വതന്ത്ര നാവിക സഞ്ചാരം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ്, തടസ്സമില്ലാത്ത സമുദ്ര വ്യാപാരം എന്നിവ അനിവാര്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉയർന്നുവരുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികൾ വികസന താൽപര്യങ്ങൾക്കും മേഖലയുടെ ശോഭനമായ ഭാവിക്കും ഗുരുതര ഭീഷണിയായി മാറുന്നതിന് മുമ്പ് അവയെ നേരിടാൻ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സെപ്റ്റംബർ 9-ന് കൊളംബോയിലെ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം സന്ദർശിച്ച് ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി അരുണ ജയശേഖര, കരസേനാ മേധാവി, നാവികസേനാ മേധാവി, വ്യോമസേനാ മേധാവി എന്നിവരടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.
ദേശീയ സുരക്ഷയും സാമ്പത്തിക വളർച്ചയും പരസ്പരം വേർതിരിക്കാനാകാത്തതാണെന്നും അവ ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങളുമായും സുരക്ഷാ സാഹചര്യങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും നിസ്സംഗത പാലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷി വികസനം മുതൽ സംയുക്ത സൈനികാഭ്യാസങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും സമുദ്ര സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി ദീർഘകാല പ്രതിരോധ-തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള, പ്രാദേശിക സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന പുതിയ ഭീഷണികളെ നേരിടാൻ സംയുക്ത പ്രോട്ടോക്കോളുകൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം നൈപുണ്യ വികസനവും അനുഭവ കൈമാറ്റവും തുടർച്ചയായ പ്രക്രിയയാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കൂടുതൽ ശക്തവും സുദൃഢവുമായ സമുദ്ര പങ്കാളിത്തത്തിനായി പുതിയ മാതൃകകൾ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മഹാസാഗർ’ (Mutual and Holistic Advancement for Security and Growth Across Regions) എന്ന കാഴ്ചപ്പാടിന്റെ അടിത്തറ ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെയും ശ്രീലങ്കയെയും ഒരേ സമുദ്രമാണ് പരസ്പരം ബന്ധിപ്പിക്കുന്നതെന്നും അതിനാൽ സമുദ്ര സുരക്ഷ കേവലം ഒരു സിദ്ധാന്തമല്ലെന്നും മറിച്ച് ഇരുരാജ്യങ്ങളുടെയും വ്യാപാരത്തെയും സുരക്ഷയെയും ഭാവിയെയും നേരിട്ട് സ്വാധീനിക്കുന്ന യാഥാർഥ്യമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ അയൽരാജ്യവും ദീർഘകാല സുഹൃത്തും വിശ്വസ്ത പങ്കാളിയുമായ ശ്രീലങ്ക മേഖലയുടെ സമുദ്ര സുരക്ഷ സംബന്ധിച്ച തന്ത്രപ്രധാന ചർച്ചകളിൽ കേന്ദ്രസ്ഥാനത്താണെന്നും ശക്തമായ ഇന്ത്യ–ശ്രീലങ്ക സമുദ്ര സഹകരണം ഇരുപക്ഷത്തിനും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്ര തെരച്ചിൽ-രക്ഷാ ദൗത്യങ്ങളിലൂടെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനായതടക്കം ഉഭയകക്ഷി സമുദ്ര സഹകരണത്തിൽ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ലഹരിമരുന്ന് കടത്ത്, കടൽക്കൊള്ള, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സമുദ്ര സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സൈബർ സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവിലെ സഹകരണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും ചേർന്ന് സ്ഥാപിച്ച സമുദ്ര രക്ഷാപ്രവർത്തന ഏകോപന കേന്ദ്രം ഇന്ത്യൻ മഹാസമുദ്ര മേഖല സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പൊതുപ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ശേഷി വികസനം, സംയുക്ത സൈനികാഭ്യാസങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രീലങ്കയുമായി കൈകോർക്കാൻ ഇന്ത്യ സദാ സന്നദ്ധമാണെന്നും പരസ്പര അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനും സംയുക്ത സംരംഭങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനായി പ്രോട്ടോക്കോളുകൾ കൂടുതൽ കൃത്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിനും സംശയകരമായ യാനങ്ങളെ നിരീക്ഷിക്കുന്നതിനും ലഹരിമരുന്ന് കടത്ത്, കള്ളക്കടത്ത്, ഭീകരവാദം, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവ നേരിടുന്നതിനുമായി ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജൻസികൾ, നാവികസേനകൾ, തീരരക്ഷാസേനകൾ എന്നിവയ്ക്കിടയിൽ കൂടുതൽ ചിട്ടയായ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കേണ്ടതുണ്ടെന്നും പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. സമുദ്ര സഹകരണം സുരക്ഷാ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് മത്സ്യകൃഷി, മറൈൻ ബയോടെക്‌നോളജി, സമുദ്ര ശാസ്ത്രം, സമുദ്ര പരിസ്ഥിതി സംരക്ഷണം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലേക്കും വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും ഉണ്ടാകുമ്പോൾ വേഗത്തിലും ഏകോപിതമായും പ്രതികരിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത സമുദ്ര മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖല ആഴത്തിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും ശ്രീലങ്കയും തങ്ങളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുകയും കൂട്ടായ ശേഷികൾ പ്രയോജനപ്പെടുത്തുകയും ഉയർന്നുവരുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടുകയും വേണമെന്ന് രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. നിലവിലെ മാറ്റങ്ങളും വേഗത്തിലുള്ള പരിവർത്തനങ്ങളും വെല്ലുവിളികൾക്കൊപ്പം നിരവധി അവസരങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും അവയെ കൂട്ടായ വളർച്ചയാക്കി മാറ്റാൻ ഇരുരാജ്യങ്ങളും തങ്ങളുടെ ദീർഘകാല സമുദ്ര പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരമായ സാമീപ്യം പരസ്പരാശ്രയത്വത്തിന് വഴിയൊരുക്കുകയും കൂട്ടായ മുന്നേറ്റത്തിന് വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന യാഥാർഥ്യത്തിലാണ് ഇന്ത്യ–ശ്രീലങ്ക ബന്ധത്തിന്റെ ഭാവി നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ യഥാർഥ ‘വിശ്വമിത്ര’ അഥവാ വിശ്വസ്ത ആഗോള സുഹൃത്തെന്ന് വിശേഷിപ്പിച്ച രാജ്‌നാഥ് സിംഗ്, മേഖലയിൽ ക്രിയാത്മകവും വിശ്വസനീയവുമായ പങ്ക് വഹിക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു. സമഗ്രമായ സമുദ്ര സുരക്ഷയും പരസ്പര സമൃദ്ധിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അടുത്ത സമുദ്ര പങ്കാളികളെന്ന നിലയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാൻ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിലെത്തിയ രാജ്‌നാഥ് സിംഗിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് ബട്ടരമുല്ലയിലെ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സ് (IPKF) സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച അദ്ദേഹം കർത്തവ്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

