അന്താരാഷ്ട്ര സൈക്ലിങ് കോച്ചിങ് കോഴ്‌സിൽ ചരിത്രനേട്ടവുമായി കൊച്ചി സ്വദേശിനി കെസിയ വർഗീസ്

കൊച്ചി :  സ്വിറ്റ്‌സർലൻഡിലെ ഐഗിളിലുള്ള ഇന്റർനാഷണൽ സൈക്ലിങ് ഫെഡറേഷൻ (UCI) ആസ്ഥാനത്തു വച്ച് നടന്ന പ്രഥമ വനിതാ എലൈറ്റ് കോച്ചിങ് കോഴ്‌സ് (ലെവൽ 3) വിജയകരമായി പൂർത്തിയാക്കി കൊച്ചി സ്വദേശിനിയും മുൻ അന്താരാഷ്ട്ര സൈക്ലിങ് താരവുമായ കെസിയ വർഗീസ് ചരിത്രനേട്ടം കൈവരിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) പ്രശസ്തമായ ‘ഒളിമ്പിക് സോളിഡാരിറ്റി സ്‌കോളർഷിപ്പ്’ വഴിയാണ് കെസിയ ഈ അപൂർവ്വ പരിശീലനത്തിന് അർഹയായത്. സെപ്റ്റംബർ 30-ന് സമാപിച്ച മൂന്നാഴ്ച നീണ്ട ഈ എലൈറ്റ് കോഴ്‌സിലേക്ക് ലോകമെമ്പാടുമുള്ള 12 വനിതാ പരിശീലകർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.

കായികജീവിതത്തിൽ 6 അന്താരാഷ്ട്ര മെഡലുകളും 84 ദേശീയ മെഡലുകളും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ 35-കാരിയായ കെസിയ, വിരമിച്ച ശേഷം കഴിഞ്ഞ നാല് വർഷമായി കേരളത്തിന്റെ സംസ്ഥാന സൈക്ലിങ് പരിശീലകയായി സേവനമനുഷ്ഠിക്കുകയാണ്. തമ്മനം ഗാന്ധിജയന്തി റോഡ് സ്വദേശിനിയായ കെസിയ നിലവിൽ കൊച്ചി അഡ്വക്കറ്റ് ജനറൽ ഓഫീസിലെ അസിസ്റ്റന്റ് കൂടിയാണ്. ലോകോത്തര സയന്റിഫിക് പരിശീലന രീതികളും തന്ത്രങ്ങളും ഉപയോഗിച്ച് ഇന്ത്യൻ സൈക്ലിങ് താരങ്ങളെ അന്താരാഷ്ട്ര വേദികളിലും ഒളിമ്പിക്സിലും മെഡൽ നേട്ടങ്ങളിലേക്ക് നയിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് കെസിയ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു