ലഖ്നൗ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ലഖ്നൗ കന്റോൺമെന്റിൽ 100 കോടിയിലധികം രൂപ ചെലവ് വരുന്ന 14 പ്രധാന വികസന പദ്ധതികൾക്ക് ഭൂമിപൂജ നടത്തി. കന്റോൺമെന്റ് ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 12 പദ്ധതികളും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന രണ്ട് സംയുക്ത പദ്ധതികളുമാണ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലെ വിവിധ അടിസ്ഥാന സൗകര്യ മേഖലകളെ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഖരമാലിന്യ സംസ്കരണ പ്ലാന്റ്, മൾട്ടി-യൂട്ടിലിറ്റി സ്പോർട്സ് കോംപ്ലക്സ്, ആധുനിക ശ്മശാനം, മൾട്ടി-ലെവൽ റോബോട്ടിക് കാർ പാർക്കിംഗ് ആൻഡ് കൊമേഴ്സ്യൽ കോംപ്ലക്സ്, പഴയ മാലിന്യക്കൂമ്പാരങ്ങളുടെ ബയോ-റിമീഡിയേഷൻ പദ്ധതികൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. പ്രാദേശിക പൗരസേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1,500 കിലോലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണി, ട്യൂബ്വെൽ, ഓവർഹെഡ് ടാങ്കുകൾ എന്നിവയും SCADA ഓട്ടോമേഷൻ സംവിധാനവുമായി സംയോജിപ്പിച്ച് സ്ഥാപിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സ്കൂളും പ്രാദേശിക സെക്കൻഡറി സ്കൂളുകളിൽ അധിക ക്ലാസ് മുറികളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. സംസ്ഥാന സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന രണ്ട് പദ്ധതികളിൽ ആർ.എ. ബസാർ സിറ്റി പോളിക്ലിനിക്കും മുഖ്യമന്ത്രിയുടെ അഭ്യുദയ കോച്ചിംഗ് സെന്ററും ഉൾപ്പെടുന്നു.

ചടങ്ങിൽ സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കന്റോൺമെന്റ് മേഖലയിലെ നഗരവികസനം ലഖ്നൗ നഗരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെയും നേരിട്ട് സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി. 2047ഓടെ ‘വികസിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി, വികസനം വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാവർക്കും ലഭ്യമാകുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം, വിശ്വസനീയമായ ശുദ്ധജല വിതരണം, യുവജന ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉൾക്കൊള്ളുന്ന പിന്തുണ എന്നിവയും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗ കന്റോൺമെന്റിലെ കൊളോണിയൽ കാലഘട്ടത്തിലെ നിരവധി മാർക്കറ്റുകൾക്ക് ദേശീയ നായകരുടെ പേരുകൾ നൽകുന്നതും ചടങ്ങിന്റെ ഭാഗമായി നടന്നു. റോയൽ ആർട്ടിലറി ബസാറിന് ‘ഏകത ബസാർ’, ബ്രിട്ടീഷ് കാവൽറി ബസാറിന് ‘ഉദാ ദേവി ബസാർ’, ബ്രിട്ടീഷ് ഇൻഫൻട്രി ബസാറുകൾക്ക് ‘മാതാദിൻ വാല്മീകി ബസാർ’, ‘മംഗൽ പാണ്ഡേ ബസാർ’ എന്നീ പേരുകളും കനേഡി മാർക്കറ്റിന് ‘അടൽ ബിഹാരി വാജ്പേയി മാർക്കറ്റ്’ എന്ന പേരുമാണ് നൽകിയത്. തറക്കല്ലിടൽ ചടങ്ങിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ പരിപാടി കേൾക്കുന്നതിനായി സംഘടിപ്പിച്ച സംഗമത്തിലും നേതാക്കൾ പങ്കെടുത്തു. ഏകദേശം 4,000 പൗരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്.

