സ്വര്‍ണ വില വര്‍ധന; പണയ വായ്പയില്‍ കുതിച്ചുചാട്ടം

വായ്പാ വിപണിയിലെ മാറ്റങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു.

കൊച്ചി: രാജ്യത്തെ ഉത്സവകാലത്തെ തുടര്‍ന്ന് ചെറുകിട വായ്പകളില്‍ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടായതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വായ്പാ വിപണി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വര്‍ണവില ഉയര്‍ന്നത് സ്വര്‍ണ പണയ വായ്പകളില്‍ ഗണ്യമായ വര്‍ധനവിന് വഴിയൊരുക്കി. ആദ്യമായി വായ്പ എടുക്കുന്ന യുവാക്കളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയാണ് ഈ വിഭാഗം കൂടുതലായി ഉപയോഗിക്കുന്നത്. ചരക്ക് സേവന നികുതി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ഘടകങ്ങളും ചെറുകിട വായ്പകളുടെ വര്‍ധനയ്ക്ക് കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കണ്‍സ്യൂമര്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് സൂചിക 2024 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തിലെ 97 പോയിന്റില്‍നിന്ന് 2025 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 102 പോയിന്റായി ഉയര്‍ന്നു. വായ്പാ വിപണിയിലെ മാറ്റങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു. മൊത്തത്തിലുള്ള വായ്പാ വര്‍ധനവ് ഇന്ത്യന്‍ വായ്പാ വിപണിയുടെ ശക്തിയും പക്വതയും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോഗ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആദ്യമായി വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധനവുണ്ടായി. ആഗോളതലത്തില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ സ്വര്‍ണ വായ്പകളിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു