കൊച്ചി : ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഇന്ത്യ–റിപ്പബ്ലിക് ഓഫ് കൊറിയ നാവികസേനാ (IN–RoKN) സംയുക്ത പരിശീലനം ഐഎൻഎസ് സഹ്യാദ്രി വിജയകരമായി പൂർത്തിയാക്കി. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള പരസ്പര സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഹാർബർ ഘട്ടത്തിൽ ഇരു സേനകളിലെയും ഉദ്യോഗസ്ഥർ തമ്മിൽ പ്രൊഫഷണൽ ചർച്ചകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, പ്രവർത്തന വിശദീകരണങ്ങൾ, വിഷയ അധിഷ്ഠിത വിദഗ്ദ്ധ വിനിമയങ്ങൾ എന്നിവ നടന്നു. ഇതിനുപുറമെ സൗഹൃദം വർദ്ധിപ്പിക്കുന്നതിനായി സാംസ്കാരിക, കായിക പരിപാടികളും സംഘടിപ്പിച്ചു.
കടലിൽ നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ ഐഎൻഎസ് സഹ്യാദ്രിയും കൊറിയൻ നാവികസേനയുടെ ‘റോക്സ് മുൻമു ദി ഗ്രേറ്റ്’ എന്ന കപ്പലും ചേർന്ന് സംയുക്ത നാവിക അഭ്യാസങ്ങൾ, ഹെലികോപ്റ്റർ പ്രവർത്തനങ്ങൾ, ഏകോപിത നാവിഗേഷൻ എന്നിവ നടത്തി. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം നിർണ്ണായക പങ്കുവഹിക്കും.

