വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്ലിനും നവികയും
കൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നതിനായി അത്യാധുനിക റോബോട്ടിക് സംവിധാനം വികസിപ്പിച്ച് മലയാളി പെൺകുട്ടികൾ ദേശീയശ്രദ്ധ നേടി. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്ലിന് മേരി ജീസനും നവിക ഡി. നായരും അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ്-സീനിയർ വിഭാഗത്തിൽ യു.ഡബ്ല്യു.ആർ സിനർജി ടീമിനായാണ് ഇരുവരും മത്സരിച്ചത്. ഡിസംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇവർ ഇന്ത്യയെ പ്രതിനിധീകരിക്കും.
‘പ്രാചീന വിജ്ഞാനം ഭാവി സാങ്കേതികവിദ്യയെ കണ്ടുമുട്ടുമ്പോൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് യു.ഡബ്ല്യു.ആർ സിനർജി ടീം പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയിലെ പുരാതന ഗണിത-ജ്യോതിശാസ്ത്ര ആചാര്യന്മാരുടെ അമൂല്യമായ അറിവുകൾ നൂറ്റാണ്ടുകളായി താളിയോലകളിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കവും പ്രകൃതിദുരന്തങ്ങളും ഈ രേഖകൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, അവയിൽ സൂക്ഷിച്ചിരിക്കുന്ന അറിവും പൈതൃകവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാത്ലിനും നവികയും പദ്ധതി വികസിപ്പിച്ചത്.
പരമ്പരാഗതമായി മാസങ്ങൾ വേണ്ടിവരുന്ന താളിയോല സംരക്ഷണ പ്രക്രിയയ്ക്ക് റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ഇവർ. ‘സ്മൃതി 1.0’ എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ താളിയോലകൾ സുരക്ഷിതമായി സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും സാധിക്കും. റോബോട്ടിക് സംവിധാനം, കസ്റ്റം ട്രെയിൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഒ.സി.ആർ സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് ‘സ്മൃതി’ പ്രവർത്തിക്കുന്നത്.
പ്രത്യേക കൺവെയർ സംവിധാനത്തിലൂടെ താളിയോലകൾക്ക് കേടുപാടുകൾ വരുത്താതെ പൊടിയും അഴുക്കും നീക്കം ചെയ്യുകയും ദീർഘകാല സംരക്ഷണത്തിനായി ലേപനം നൽകുകയും ചെയ്യുന്നു. ഹൈ-റസല്യൂഷൻ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളിലെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നു. പ്രാചീന ലിപികൾ തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യാവുന്ന കമ്പ്യൂട്ടർ ടെക്സ്റ്റാക്കി മാറ്റാനും സ്കാൻ ചെയ്ത വിവരങ്ങൾ ക്ലൗഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനും എ.ഐ സംവിധാനത്തിന് കഴിയും.
മാള ഹോളി ഗ്രേയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കാത്ലിന്റെ താൽപര്യമേഖലകൾ ഇന്നൊവേഷൻ, റോബോട്ടിക്സ്, പുസ്തക രചന എന്നിവയാണ്. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ നവിക ഡിസൈൻ, ഹാർഡ്വെയർ ആർക്കിടെക്ചർ, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നു. ഇരിങ്ങാലക്കുടയിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രസന്റേഷൻ സെന്റർ ഡയറക്ടർ ലിറ്റി ചാക്കോ സംഗമഗ്രാമ മാധവനെക്കുറിച്ച് നടത്തിയ ഗവേഷണ വിവരങ്ങളും പങ്കുവെച്ചത് പദ്ധതിക്ക് പ്രചോദനമായി.
യുണീക് വേൾഡ് റോബോട്ടിക്സിലെ (യു.ഡബ്ല്യു.ആർ) മെന്റർമാരായ ഡിക്സൺ എം.ഡി., ശക്തിപ്രിയ ഇ.കെ., ജയശങ്കർ വി.എ., കോച്ച് അഖില ആർ. ഗോമസ് എന്നിവരുടെ മാർഗനിർദേശത്തിലാണ് പദ്ധതി വികസിപ്പിച്ചത്. ഇരുവരും മൂന്ന് വർഷമായി യു.ഡബ്ല്യു.ആറിൽ പരിശീലനം നേടിവരികയാണ്. കുട്ടികൾക്കും പ്രൊഫഷണലുകൾക്കും റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ പരിശീലനം നൽകുന്ന ദുബായ് ആസ്ഥാനമായ ആഗോള വിദ്യാഭ്യാസ സ്ഥാപനമാണ് യു.ഡബ്ല്യു.ആർ.
“കേരളത്തിന്റെ സംസ്കാരവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിജയം നേടാൻ യു.ഡബ്ല്യു.ആറിൽ നിന്ന് ലഭിച്ച മികച്ച പരിശീലനം ഞങ്ങളെ ഏറെ സഹായിച്ചു. അന്താരാഷ്ട്ര വേദിയിൽ സ്വർണം നേടുന്നതിനൊപ്പം, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ കണ്ടുപിടിത്തങ്ങളുമായി കൂടുതൽ വിദ്യാർത്ഥികൾ മുന്നോട്ട് വരാൻ പ്രചോദനം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം,” കാത്ലിനും നവികയും പറഞ്ഞു.

