ആത്മനിർഭർ ഭാരത്: നാവികസേനയ്ക്കായി 8 അടുത്ത തലമുറ കോർവെറ്റുകൾ നിർമ്മിക്കാൻ കരാർ ഒപ്പുവെച്ചു

കൊച്ചി: ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിൽ നാഴികക്കല്ലിട്ടുകൊണ്ട് ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് അടുത്ത തലമുറ കോർവെറ്റുകൾ (Next Generation Corvettes – NGC) നിർമ്മിക്കുന്നതിന് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എൻജിനീയേഴ്‌സ് (GRSE), ഗോവ ഷിപ്‌യാർഡ് ലിമിറ്റഡ് (GSL) എന്നിവയുമായി 53,866.50 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 2026 നവംബർ 02-ന് ന്യൂഡൽഹിയിൽ ഡിഫൻസ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം ജി.ആർ.എസ്.ഇ അഞ്ച് കോർവെറ്റുകളും ജി.എസ്.എൽ ശേഷിക്കുന്ന മൂന്ന് കപ്പലുകളും നിർമ്മിക്കും. ഇന്ത്യൻ നാവികസേന സ്വന്തമായി രൂപകൽപ്പന ചെയ്ത് വിപണിയിലെ മത്സരാധിഷ്ഠിത ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ കപ്പൽശാലകൾ നിർമ്മിക്കുന്ന ആദ്യ യുദ്ധക്കപ്പൽ പദ്ധതിയാണിത്. അത്യാധുനിക മിസൈലുകൾ, ആയുധങ്ങൾ, സെൻസറുകൾ എന്നിവയോടെ എത്തുന്ന ഈ കപ്പലുകൾ കടലിലെ വാണിജ്യ പാതകളുടെ സുരക്ഷ, അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങൾ, തീരദേശ സംരക്ഷണം എന്നിവയിൽ നാവികസേനയ്ക്ക് വൻ കരുത്തേകും. അടുത്ത പത്ത് വർഷത്തിനുള്ളിൽ കപ്പൽശാലകളിൽ 72 ലക്ഷം തൊഴിൽ ദിനങ്ങളും മറ്റ് അനുബന്ധ വ്യവസായങ്ങളിലും എം.എസ്.എം.ഇകളിലുമായി 460 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുന്ന ഈ ഭീമൻ പദ്ധതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു