സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ് ‘ഓണം’ ക്ലൗഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി

കൊച്ചി : ആഗോള ടെക്‌നോളജി അഡൈ്വസറി ആന്‍ഡ് എക്‌സിക്യൂഷന്‍ സ്ഥാപനമായ മലയാളി ഐടി കമ്പനിയായ സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ്, ഇന്ത്യന്‍ സംരംഭങ്ങള്‍ക്കായി ‘ഓണം’ (ഓര്‍ക്കസ്‌ട്രേറ്റഡ് നെറ്റ്വര്‍ക്ക്‌സ്, ആപ്ലിക്കേഷന്‍സ് ആന്‍ഡ് മെഷീന്‍സ്) ക്ലൗഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഡാറ്റാ സുരക്ഷ, നിയമപരമായ ബാധ്യത തുടങ്ങിയവ നിലനിര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടെക് പാര്‍ക്കില്‍ കമ്പനി പുതിയ ഡെവലപ്മെന്റ് സെന്ററും ആരംഭിച്ചു. 200 തൊഴിലവസരം ഇതിലൂടെ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ഇക്വിനിക്‌സ് ആണ് ഓണം ക്ലൗഡിന്റെ ഡാറ്റാ സെന്റര്‍ പങ്കാളി. ആറ് ഭൂഖണ്ഡങ്ങളിലെ 35-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇക്വിനിക്‌സിന്റെ 280-ലധികം ഡാറ്റാ സെന്ററുകള്‍ വഴി പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ക്ലൗഡ് മേഖലകള്‍ വിന്യസിക്കാന്‍ ഓണം ക്ലൗഡിന് സാധിക്കും. മൈക്രോസോഫ്റ്റ് അസൂര്‍, എഡബ്ല്യുഎസ്, ഗൂഗിള്‍ ക്ലൗഡ് തുടങ്ങിയ പബ്ലിക് ക്ലൗഡ്, സാസ് സേവനങ്ങളിലേക്ക് നേരിട്ടുള്ള സുരക്ഷിത കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

2021-ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 10,000 ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഓണം ക്ലൗഡ് സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ക്ലൗഡ് വിപണി വലിയ വളര്‍ച്ച കൈവരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചുവടുവെപ്പ്.

അന്താരാഷ്ട്ര ഏജന്‍സിയായ ഗാര്‍ട്ട്‌നറുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പബ്ലിക് ക്ലൗഡ് ചെലവ് 2026-ഓടെ 17.5 ബില്യണ്‍ യുഎസ് ഡോളറിലേക്ക് ഉയരും. പ്രൊപ്രൈറ്ററി ഹൈപ്പര്‍വൈസര്‍ അല്ലെങ്കില്‍ ലൈസന്‍സിങ് നിബന്ധനകള്‍ ഇല്ലാതെ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകളിലാണ് ഓണം ക്ലൗഡ് നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സുതാര്യതയും ലഭിക്കുമെന്നും ഓണം ക്ലൗഡിന്റെ സീനിയര്‍ ക്ലൗഡ് ആര്‍ക്കിടെക്റ്റ് ഡിജീഷ് പടിഞ്ഞാറേതില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ബിസിനസുകള്‍ക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ അടിത്തറയാണ് ഓണം ക്ലൗഡ് നല്‍കുന്നതെന്ന് സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ് സിഇഒ ജയകൃഷ്ണന്‍ ജി അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ സ്വയംപര്യാപ്തതയ്ക്കും വികസിത് ഭാരത് 2047 ലക്ഷ്യങ്ങള്‍ക്കും ഇത് പിന്തുണ നല്‍കുന്നു. സമാനമായ മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് മൊത്തം ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവ് വരുത്താന്‍ ഓണം ക്ലൗഡിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പൂര്‍ണ്ണമായും രാജ്യത്തിനകത്തുതന്നെയുള്ള ഡാറ്റാ റെസിഡന്‍സിയോടെ കമ്പ്യൂട്ട്, സ്റ്റോറേജ്, നെറ്റ്വര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍-ആസ്-എ-സര്‍വീസ് (IaaS) ആണ് ഓണം ക്ലൗഡ് വാഗ്ദാനം ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയ്ക്കായുള്ള ജിപിയു കമ്പ്യൂട്ടിംഗും പ്ലാറ്റ്ഫോം-ആസ്-എ-സര്‍വീസും (PaaS) അടുത്ത ഘട്ടത്തില്‍ ലഭ്യമാക്കും.

വ്യത്യസ്ത ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഓണംപബ്ലിക് (സോവറിന്‍ പബ്ലിക് ക്ലൗഡ്), ഓണംപ്രൈവറ്റ് (ഡെഡിക്കേറ്റഡ് പ്രൈവറ്റ് ക്ലൗഡ്), ഓണം ബിവൈഒപിസി (ഓണ്‍-പ്രെമിസ് ഇന്‍ഫ്രാസ്ട്രക്ചര്‍) വിഭാഗങ്ങളില്‍ പ്ലാറ്റ്‌ഫോം ലഭ്യമാണ്.

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വിന്യസിക്കുന്നതിലും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ്. ഐഎസ്ഒ 27001 സര്‍ട്ടിഫിക്കേഷനുള്ള കമ്പനിക്ക് ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലായി 350-ലധികം ജീവനക്കാരുണ്ട്. വിവിധ രാജ്യങ്ങളിലായി സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ്. മുന്നൂറിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കി വരുന്നു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു