കൊച്ചി : സ്കൂൾ പാചക തൊഴിലാളികളുടെ വേതനം സംബന്ധിച്ച സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആരോപിച്ചു. സെപ്റ്റംബർ മാസത്തെ വേതനം നൽകുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ മാസം 30-നും, ആവശ്യമായ തുക ഈ മാസം അഞ്ചിനും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് കൈമാറിയെങ്കിലും, ഉദ്യോഗസ്ഥരുടെ അലസത മൂലം പല ഉപജില്ലകളിലും ഇനിയും വിതരണം പൂർത്തിയായിട്ടില്ലെന്ന് യൂണിയൻ വ്യക്തമാക്കി.
എല്ലാ മാസവും അഞ്ചാം തീയതിക്കകം പാചക തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കാനുള്ള നിർദ്ദേശം നിലനിൽക്കെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇത് വൈകിപ്പിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് മിനിമം കൂലിയും വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് സ്വാഗതാർഹമാണെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളും വേതനവും തൊഴിലാളികൾക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

