തൊഴിലിടങ്ങളിലെത്തി ആരോഗ്യപരിശോധന;  ‘സ്വാസ്ഥ്യ’ പദ്ധതിക്ക് തുടക്കമായി

വ്യത്യസ്ഥ തൊഴിലിടങ്ങളിൽ കടന്നുചെന്ന് അവിടുത്തെ ജീവനക്കാരിലെ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തുന്ന പദ്ധതിയാണ് സ്വാസ്ഥ്യയെന്ന് അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്  വ്യത്യസ്ത  തൊഴിലിടങ്ങളിൽ കടന്നുചെന്ന് ഹെൽത്ത് സ്ക്രീനിംഗിന് സൗകര്യമൊരുക്കുന്ന വി.പി.എസ് ലേക്‌ഷോറിന്‍റെ ‘സ്വാസ്ഥ്യ’ പദ്ധതിക്ക് തുടക്കമായി. നിഖില ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി കോഴിക്കോട് വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെന്‍ററിൽ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. ആർ.എൽ. സരിത ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത  തൊഴിലുകളിൽ വ്യാപൃതരായിരിക്കുന്ന ആളുകളിലെ സങ്കീർണമാകാൻ സാധ്യതയുള്ള രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ അവസരമൊരുക്കുന്ന സ്വാസ്ഥ്യ പദ്ധതി സമകാലിക സമൂഹത്തിൽ അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. ഉറക്കവും വ്യായാമവുമില്ലാതെ തൊഴിലെടുക്കുന്ന യുവത്വമാണ് നമുക്ക് ചുറ്റുമുള്ളത്. അവരുടെ ആരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയെന്നത് പ്രധാനമാണെന്നും ഡോ. ആർ.എൽ. സരിത കൂട്ടിച്ചേർത്തു. വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ആരോഗ്യപരിരക്ഷയാണ് സ്വാസ്ഥ്യ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റൊരു തരത്തിലുമുള്ള ലാഭേച്ഛയുമില്ല. പരമാവധി ആളുകൾക്ക് പദ്ധതി ഗുണപ്രദമാകണമെന്ന സദുദ്ദേശ്യമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.ഡോ. ആർ.എൽ. സരിത, എസ്.കെ. അബ്ദുള്ള എന്നിവർ ചേർന്ന് സ്വാസ്ഥ്യ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെന്‍റർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ടി.പി. മെഹറൂഫ് രാജ് പദ്ധതി വിശദീകരിച്ചു. വ്യത്യസ്ഥ തൊഴിലിടങ്ങളിൽ കടന്നുചെന്ന് അവിടുത്തെ ജീവനക്കാരിലെ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തുന്ന പദ്ധതിയാണ് സ്വാസ്ഥ്യയെന്ന് അദ്ദേഹം വ്യക്തമാക്കി. വി.പി.എസ് ലേക്‌ഷോറിന്‍റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതി കോഴിക്കോട് ആസ്ഥാനമായ ആരോഗ്യ രംഗത്തെ പ്രമുഖ എൻ.ജി.ഒ നിഖില ഫൗണ്ടേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. വനിതകൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൈനക്കോളജിസ്റ്റ് ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായിരുന്നു. സീനിയർ ഡയബറ്റോളജിസ്റ്റ് ഡോ. കെ. സുരേഷ് കുമാർ സംസാരിച്ചു. വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേഖ് പൊഡൂരി, സി.ഒ.ഒ ലക്ഷ്മണൻ സേതുരാമൻ എന്നിവർ പങ്കെടുത്തു. നിഖില ഫൗണ്ടേഷൻ സെക്രട്ടറി പ്രസാദ് കണക്കശ്ശേരി സ്വാഗതവും വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെന്‍റർ സീനിയർ നഴ്സിംഗ് മാനേജർ വി.കെ. പുഷ്പലത നന്ദിയും പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു