ഇടത്-വലത് രാഷ്ടീയ പാര്‍ട്ടികളുടെ കപടതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ട്വന്റി20 പാര്‍ട്ടി അണികളുടെ ആവശ്യത്തെ തുടര്‍ന്ന് ട്വന്റി20 പാര്‍ട്ടി രാജ്യം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഘടകകഷിയാകാന്‍ തീരുമാനിച്ചു.
കൊച്ചി : കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കേന്ദ്രസര്‍ക്കര്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ആവശ്യമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അഗസ്റ്റ്യന്‍ സഹോദരന്മാര്‍ക്ക് ചാനല്‍ നടത്തിപ്പിനാവശ്യമായ സുരക്ഷാ ക്ലിയറന്‍സോ, ഇന്‍ഫോര്‍മേഷന്‍ ആന്റഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അപ് ലിംങ്കിംഗ്, ഡൗണ്‍ ലിങ്കിംഗ് ലൈസെന്‍സോ അനുവദിച്ചിട്ടില്ല.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശവും ലൈസന്‍സും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ െ്രെപവറ്റ് ലിമിറ്റഡിനും അതിന്റെ ഡയറക്ടര്‍മാരായ എം.വി.നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 2022 ലെ ബ്രോഡ്കാസ്റ്റിംഗ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ നടത്തിപ്പ് അവകാശം ക്രിമിനല്‍ കേസ് പ്രതികളായ അഗസ്റ്റ്യന്‍ സഹോദരങ്ങള്‍ക്ക് നല്‍കിയതിന്റെ പേരില്‍ ഇന്‍ഫോര്‍മേഷന്‍ ആന്റഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനും നികേഷ് കുമാറിനും നല്‍കിയിരുന്ന സുരക്ഷാ ക്ലിയറന്‍സ് റദ്ദുചെയ്തു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ വിവരം കോടതിയെ അറിയിച്ചത്.സുരക്ഷാ ക്ലിയറന്‍സ് നഷ്ടമായാല്‍ സ്വമേധയാ ഈ ലൈസന്‍സും ഇല്ലാതാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് നഷ്ടപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിനെ ഒരു നിമിഷം പോലും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടു.രണ്ടുവര്‍ഷമായി വ്യാജമായി വാര്‍ത്തകള്‍ മാത്രം സംപ്രക്ഷേപണം ചെയ്യ്തുവരുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ വ്യാജമാണെന്നും നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് അനേകരുടെ ജീവിതം ഇവര്‍ ദുസഹമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാറ്റലൈറ്റ് ടിവി ചാനല്‍ നടത്തിപ്പിന് ലൈസന്‍സ് ലഭിക്കുന്നതിനായി കമ്പനി രൂപീകരിക്കുമ്പോള്‍ അതിലെ മുഴുവന്‍ ഡയറക്ടര്‍മാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ആവശ്യമാണ . കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സുരക്ഷാ ക്ലിയറന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫോര്‍മേഷന്‍ ആന്റഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അപ് ലിംങ്കിഗ്, ഡൗണ്‍ ലിങ്കിംഗ് ലൈസന്‍സ് അനുവദിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തി ചാനലിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ അഗസ്റ്റ്യന്‍ സഹോദരന്മാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയെങ്കിലും രാജ്യ സുരക്ഷാ കാരണങ്ങളാല്‍ ഇത് നിരസിക്കപ്പെട്ടു. തുടര്‍ന്ന് കെ.ജെ. ജോസ് എന്ന വ്യക്തിയെ മാനേജിംഗ് ഡയറക്ടറാക്കി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രൂപീകരിച്ച് വളഞ്ഞവഴിയിലൂടെ ചാനലിന്റെ നിയന്ത്രണം ഇവര്‍ നിയമ വിരുദ്ധമായി കൈവശപ്പെടുത്തി.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഔദ്യോഗിക വെബ് സൈറ്റിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥരെന്ന് വ്യക്തമാക്കുന്നു. ആന്റോ അഗസ്റ്റിന്‍ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററും, റോജി അഗസ്റ്റിന്‍ ചെയര്‍മാനും, ജോസുകുട്ടി അഗസ്റ്റിന്‍ വൈസ് ചെയര്‍മാനുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എം.വി.നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ ലൈസന്‍സിന്റെ മറവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് അനേകം കേസുകളില്‍ പ്രതികളായ അഗസ്റ്റ്യന്‍ സഹോദരന്മാരും കൂട്ടരും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നതെന്ന് കാട്ടി സാബു എം. ജേക്കബ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. സാബു ജേക്കബിന്റെ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടിയിരുന്നു. ഇന്നലെ കേസ് വിണ്ടും പരിഗണിച്ചപ്പോള്‍ ചാനല്‍ നടത്തിപ്പിനുള്ള സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചതായും, ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഏപ്രില്‍ രണ്ടിന് മുമ്പ് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇന്‍ഫോര്‍മേഷന്‍ ആന്റഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സാബു ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഇടത്-വലത് മുന്നണികള്‍ പി.ഡി.പി., വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് 25 പാര്‍ട്ടികളുടെ മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. ഇടത്-വലത് രാഷ്ടീയ പാര്‍ട്ടികളുടെ കപടതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ട്വന്റി20 പാര്‍ട്ടി അണികളുടെ ആവശ്യത്തെ തുടര്‍ന്ന് ട്വന്റി20 പാര്‍ട്ടി രാജ്യം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഘടകകഷിയാകാന്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപെടാനാണ് സാബു എം ജേക്കബ് എന്‍.ഡി.എയുടെ ഘടക കക്ഷിയായതെന്ന വ്യാജ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ നിരന്തരം സംപ്രക്ഷണം ചെയ്തു. വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സാബു എം.ജേക്കബ് മാനനഷ്ടത്തിന് പെരുമ്പാവൂര്‍ മുനിസിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഒപ്പം ലൈസന്‍സ് ഇല്ലാതെയാണ് റി്‌പ്പോര്‍ട്ടര്‍ ടിവി പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ സംപ്രേക്ഷണം തടയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് സാബു ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.
മുട്ടില്‍ മരം മുറികേസില്‍ ജയിലിലായ അഗസ്റ്റ്യന്‍ സഹോദരന്മാര്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ജയില്‍ മോചിതരായി. പിന്നീട് അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നടത്തിപ്പുകാരായാണ് പ്രത്യക്ഷപ്പെടുന്നത്. മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വ്യാജ പ്രചരണം നടത്തി കലൂര്‍ രാജ്യാന്തര മൈതാനത്തിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്താനും ഇവര്‍ ശ്രമം നടത്തി. മൈതാനം നവീകരിക്കാനായി 70 കോടിയില്‍ പരം രൂപ മുടക്കിയെന്നും ഇവര്‍ അവകാശപ്പെടുന്നു. ചാനല്‍ ഏറ്റെടുക്കുന്നതിനും, ബിനാമി ഭൂമി ഇടപാടുകള്‍ക്കും, മൈതാനം നവീകരണത്തിനുമായി ഇവര്‍ മുടക്കിയ പണത്തിന്റെ ഉറവിടം സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎംനും നേതാക്കള്‍ക്കും വേണ്ടി വ്യാജ വാര്‍ത്തളും ഇല്ലാത്ത അവകാശ വാദങ്ങളും സംപ്രക്ഷണം ചെയ്യുന്നതില്‍ സിപിഎംന്റെ ചാനലായ കൈരളിയെ റിപ്പോര്‍ട്ടര്‍ ചാനല്‍ പിന്നിലാക്കിയെന്നും, അഗസ്റ്റ്യന്‍ സഹോദരന്മാര്‍ സിപിഎം നേതാക്കളുടെ ബിനാമികളാണോ എന്നും സംശയിക്കുന്നതായും സാബു എം.ജേക്കബ് പറഞ്ഞു.

