കോലഞ്ചേരി: വൈ.എം.സി.എ എറണാകുളം സബ് റീജിയൻ കോൺഫറൻസും ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പും കോലഞ്ചേരി വൈ.എം.സി.എയിൽ വെച്ച് നടന്നു. സബ് റീജിയൻ ചെയർമാൻ പോൾ എം. ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് കേരള റീജിയണൽ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിയൻ സ്റ്റഡി സെന്റർ ഡീൻ പ്രൊഫ. ഡോ. എം.പി. മത്തായി ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകി. വൈ.എം.സി.എ ഭാരവാഹികൾക്കുള്ള പ്രത്യേക പരിശീലനം റീജിയണൽ സെക്രട്ടറി പ്രിൻസിലി വിപിൻ നടത്തി. ചടങ്ങിൽ സബ് റീജിയൻ ഡയറക്ടറിയുടെ പ്രകാശനം റീജിയണൽ ട്രഷറർ അനിൽ ജോർജ് നിർവ്വഹിച്ചു.
ബർമിംഗ്ഹാം പ്രോജക്ടിന്റെ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വർഗീസ് ജോർജ് പള്ളിക്കര, വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി.യു. മത്തായി എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. ജനറൽ കൺവീനർ ജോജി എളൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയ്സി ജോർജ്, വൈ.എം.സി.എ പ്രസിഡന്റ് ടി.സി. മാണി, പ്രൊഫ. ജയിൻ മാത്യു, വൈസ് ചെയർമാൻ സാബു പൗലോസ് എന്നിവർ സംസാരിച്ചു.

