ഫിഷറീസ് മാനേജ്‌മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും.
കൊച്ചി: ലോക സ്രാവ് ബോധവല്‍കരണ ദിനത്തില്‍ അവയുടെ സംരക്ഷണം ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ദേശീയ തലത്തില്‍ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയില്‍ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തില്‍ ശില്‍പശാലയും പാനല്‍ ചര്‍ച്ചയും (സിഎംഎഫ്ആര്‍ഐയില്‍ നടക്കും. ഫിഷറീസ് മാനേജ്‌മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും.സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ഷെയ്ക്ക് ഖാദര്‍ റഹ്മാന്‍ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ എന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.സംസ്ഥാന ഫിഷറീസ്‌വന്യജീവി വകുപ്പുകള്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥര്‍,കയറ്റുമതി, എന്‍ജിഒ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതല്‍ സ്രാവിനങ്ങളെ ഉള്‍പെടുത്തി ഇന്ത്യ ഈയിടെ സംരക്ഷിത പട്ടിക വികസിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്രാവ് സംരക്ഷണ ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറെയാണ്.
സമുദ്ര ആവാസവ്യവസ്ഥയില്‍ സ്രാവുകളുടെ പ്രാധാന്യവും അവ നേരിടുന്ന ഭീഷണികളും ശില്‍പശാലയില്‍ ചര്‍ച്ചയാകും.സ്രാവ് സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയമവശങ്ങളെ കുറിച്ചുള്ള ബോധവല്‍കരണം, വിവിധ സ്രാവിനങ്ങളെ തിരിച്ചറിയാനുള്ള നൈപുണ്യവികസനം, കയറ്റുമതി അനുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകളുടെ ( നോണ്‍ ഡെട്രിമെന്റല്‍ ഫൈന്‍ഡിങ്) വിലയിരുത്തല്‍, മെച്ചപ്പെട്ട വ്യാപാര നിരീക്ഷണ രീതികള്‍ ആവിഷ്‌കരിക്കല്‍ എന്നിവയാണ് ശില്‍പശാലയുടെ ലക്ഷ്യം.വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര കണ്‍വെന്‍ഷനാണ് (സൈറ്റിസ്‌കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫോന ആന്റ് ഫ്‌ളോറ) സമുദ്രയിനങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും സൈറ്റിസ് പട്ടികയിലുള്‍പ്പെട്ട ഇനങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയന്ത്രണം.
നാല്‍പതിലധികം സ്രാവ്തിരണ്ടി ഇനങ്ങള്‍ നിലവില്‍ സൈറ്റിസ് പട്ടികയിലുണ്ട്. ഇവയെ കുറിച്ചുള്ള അവബോധവും വ്യാപാരപരിപാലനരംഗത്തെ വിവിധ ഏജന്‍സികളുടെ ഏകോപനവും സംരക്ഷണരീതികള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമാണെന്ന് സിഎംഎഫ്ആര്‍ഐ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടന്‍ പറഞ്ഞു.

