പാര്‍സല്‍ അയച്ച സാധനങ്ങള്‍ എത്തിയില്ല;  35,000 രൂപ പിഴയിട്ട്  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ആലുവ അശോകപുരം,  സ്വദേശി കബീറിന്റെ പരാതിയിലാണ് നടപടി.
കൊച്ചി: വില്‍പ്പനക്കായി കൊണ്ടുവന്ന പാര്‍സല്‍ സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതില്‍ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയില്‍ പാര്‍സല്‍ സര്‍വീസ് ഏജന്‍സി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ആലുവ അശോകപുരം,  സ്വദേശി കബീറിന്റെ പരാതിയിലാണ് നടപടി. ജീവിതമാര്‍ഗം എന്ന നിലയിലാണ് മാസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍  കച്ചവടം നടത്തുന്നത്.  ഇതിനുള്ള സാമഗ്രികളും മാസ്‌ക്കുകളും മറ്റും ഉള്‍പ്പെടുന്ന വസ്തുക്കള്‍ നോയിഡയില്‍ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാര്‍സല്‍  വഴി എത്തിക്കാന്‍  പാര്‍സല്‍ സര്‍വീസ് സ്ഥാപനത്തെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.  സാധനങ്ങള്‍ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകള്‍ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരന്‍ പറയുന്നു.

ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിര്‍കക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. 30 ബാഗുകളുടെ നഷ്ടപരിഹാരം നല്‍കിയതുമില്ല.  ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്. അയച്ച വസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിര്‍കക്ഷിക്ക് ഉണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സാധുവായ യാതൊരു വിശദീകരണവും എതിര്‍കക്ഷി  ബോധിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ അധാര്‍മികമായ വ്യാപാര രീതി എതിര്‍കക്ഷി അവലംബിച്ചു എന്ന് ബെഞ്ച് വ്യക്തമാക്കി.30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന്  ഉത്തരവ് നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു