ഐസിഎംഎഐ കൊച്ചിന്‍ ചാപ്റ്റര്‍ ജി എസ് ടി സിംപോസിയം നടത്തി
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ ജി എസ് ടി സിംപോസിയം നടത്തി. ജി എസ് ടി അറ്റ് എയ്റ്റ്: വിശ്വാസം ശക്തിപ്പെടുത്തുക, തര്‍ക്കങ്ങള്‍ കുറയ്ക്കുക, അനുസരണം പരമാവധിയാക്കുക എന്ന വിഷയത്തിലായിരുന്നു സിംപോസിയം.തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ജി എസ് ടി ആന്റ് സെന്‍ട്രല്‍ എക്‌സൈസ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ എസ് കെ റഹ്മാന്‍ സിംപോസിയം ഉദ്ഘാടനം ചെയ്തു. ജി എസ് ടി ആരംഭിക്കുന്ന കാലത്ത് ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ഉള്‍പ്പെടെ സങ്കീര്‍ണതയെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എട്ടു വര്‍ഷത്തിനു ശേഷം കാര്യങ്ങള്‍ പുരോഗമനപരമായ രീതിയിലേക്ക് മാറിയതായി കാണാനാവും.
ഇത്തരമൊരു മാറ്റമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളെ പോലെ പ്രൊഫഷണലുകളും വലിയ സംഭാവനകളാണ് നല്‍കിയതെന്ന് എസ് കെ റഹ്മാന്‍ പറഞ്ഞു.ജി എസ് ടിയുടെ എട്ട് വര്‍ഷങ്ങള്‍ക്കകം നികുതി ദായകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്നു മാത്രമല്ല ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായതോടെ ചരക്ക് ഗതാഗതത്തിലും മികച്ച രീതിയിലാണ് വര്‍ധനവുണ്ടായത്. സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ചരക്ക് കടത്തിനുള്ള ചെലവിലും കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ നികുതി രീതികള്‍ മാറുകയാണ്. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുവെന്നും അദ്ദേഹം ചൂണിക്കാട്ടി. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതില്‍ ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് കൂടി പങ്കാളിത്തമുണ്ടെന്നും എസ് കെ റഹ്മാന്‍ പറഞ്ഞു. പ്രാക്ടീസിംഗ് കോസ്റ്റ് അക്കൗണ്ടന്റ് അനില്‍ ശര്‍മ, അഡ്വ. ഷണ്‍മുഖം ഡി ജയന്‍, ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ പേഴ്‌സണ്‍ ആര്‍ രഞ്ജിനി , സെക്രട്ടറി എസ് അരുണ്‍ കുമാര്‍ സംസാരിച്ചു.

