ഏറ്റവും കുറഞ്ഞ കാലയളവില്‍ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന ആദ്യ എസ്യുവി എന്ന നേട്ടവും ടാറ്റ പഞ്ചിന് സ്വന്തം
കൊച്ചി: നാല് വര്‍ഷത്തിനുള്ളിലെ വില്‍പ്പനയുടെ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച് ടാറ്റ പഞ്ച്. പഞ്ച് മൈക്രോ എസ്യുവി വില്‍പ്പന ആരംഭിച്ച് 45 മാസത്തിനുള്ളില്‍ ആറ് ലക്ഷം കാറുകളുടെ വില്‍പ്പനയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ കാലയളവില്‍ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന ആദ്യ എസ്യുവി എന്ന നേട്ടവും ടാറ്റ പഞ്ചിന് സ്വന്തം. 2022 ഓഗസ്റ്റ് മാസത്തോടെ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പഞ്ച് പൂര്‍ത്തിയാക്കിയിരുന്നു. 2023 മെയ് മാസത്തില്‍ ഇത് രണ്ടുലക്ഷമായി ഉയര്‍ത്തിയിരുന്നു. ഏഴ് മാസത്തിനിപ്പുറം ഡിസംബറില്‍ മൂന്നുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയും പൂര്‍ത്തിയാക്കാനായി. 2025 ജൂലായിയില്‍ നാലുക്ഷം യൂണിറ്റിലെത്തിയ വില്‍പ്പന 2025ല്‍ മാത്രം രണ്ടുലക്ഷം യൂണിറ്റിന്റെ കൂടി വില്‍പ്പന കൈവരിച്ചു. ജൂലായിയിലെ വില്‍പ്പന കൂടി പരിഗണിച്ചാണ് ആറുലക്ഷം എന്ന നമ്പറില്‍ എത്തിയത്.
ടാറ്റ മോട്ടോഴ്‌സിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് കമ്പനിയുടെ മൊത്ത വില്‍പ്പനയുടെ 36 ശതമാനവും പഞ്ച് എന്ന മോഡലിന്റെ സംഭാവനയാണ്. 2024ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം പഞ്ച് എസ്യുവിയെ തേടി എത്തുന്നത്. പഞ്ചിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ 70 ശതമാനവും ആദ്യമായി കാര്‍ സ്വന്തമാക്കുന്നവരായിരുന്നുവെന്നും പഞ്ച് ഇലക്ട്രിക്കിന്റെ 25 ശതമാനം ഉപയോക്താക്കളും സ്ത്രീകളാണെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനൊപ്പം (ഐസ്) ഇലക്ട്രിക് കരുത്തിലും പഞ്ച് വിപണിയില്‍ എത്തുന്നുണ്ട്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെ റെഗുലര്‍ മോഡലിലുള്ളത്. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷനും ഇതിലുണ്ട്. 75.94 ബി.എച്ച്.പി. പവറും 97 എന്‍.എം. ടോര്‍ക്കുമാണ് പഞ്ചിന്റെ സി.എന്‍.ജി. മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. സി.എന്‍.ജി. മോഡലിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

