സാനുമാസ്റ്റര്‍ ഇനി ഓര്‍മ്മ

എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച (ആഗസ്റ്റ് 02) വൈകുന്നേരം 5.35 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഞായറാഴ്ച (ആഗസ്റ്റ് 03) വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും.
കൊച്ചി: എഴുത്തുകാരനും വാഗ്മിയും അധ്യാപകനുമായിരുന്ന പ്രൊഫ. എം.കെ സാനുമാസ്റ്റര്‍ (99) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച (ആഗസ്റ്റ് 02) വൈകുന്നേരം 5.35 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഞായറാഴ്ച (ആഗസ്റ്റ് 03) വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും.വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ക്കിടിയില്‍ ഏതാനും ദിവസം മുമ്പ്  വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സാനുമാസ്റ്ററിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികില്‍സ തുടരുന്നതിനിടയില്‍ ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ തുടരുന്നതിനിടയിലാണ് അന്ത്യം സംഭവിച്ച്. 1928 ഒക്ടോബര്‍ 27 ന് ആലപ്പുഴ തുമ്പോളിയിലാണ് എം. കെ സാനു വെന്ന സാനുമാസ്റ്റര്‍ ജനിച്ചത്. സമ്പന്നമായ കൂട്ടുകുടുംബത്തിലായിരുന്നു ജനനമെങ്കിലും പിതാവ് മരിച്ചതോടെ ദാരിദ്ര്യത്തിലായി. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം  നാലു വര്‍ഷത്തോളം സ്‌കൂളധ്യാപകനായി ജോലി നോക്കി. പിന്നീട് ഗവണ്‍മെന്റ് കോളജ് അധ്യാപകനായി.  ശ്രീ നാരായണ കോളജ്, മഹാരാജാസ് കോളജ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. 1983 ലാണ് പ്രഫസറായി എം. കെ സാനുമാസ്റ്റര്‍ വിരമിക്കുന്നത്. 1987 ല്‍ എറണാകുളം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി സാനുമാസ്റ്റര്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും അ്‌ദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കൂടാതെ കുങ്കുമം വാരികയുടെ മുഖ്യപത്രാധിപരായും സാനു മാസ്റ്റര്‍ ജോലി ചെയ്തിട്ടുണ്ട്. 58 ല്‍  അഞ്ചു ശാസ്ത്രനായകന്മാര്‍ എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 60 ല്‍ കാറ്റും വെളിച്ചവും  എന്ന വിമര്‍ശന ഗ്രന്ഥം പുറത്തിറങ്ങി. പ്രഭാത ദര്‍ശനം, സഹോദരന്‍ കെ അയ്യപ്പന്‍, മലയാള സാഹിത്യനായകന്മാര്‍-കുമാരനാശാന്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍,  എം. ഗോവിന്ദന്‍,  അശാന്തിയില്‍ നിന്നും ശാന്തതയിലേക്ക്, മൃത്യജ്ഞയും കാവ്യജീവിതം,  ചങ്ങംമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, യുക്തിവാദി എം.സി ജോസഫ്, ബഷീര്‍ ഏകാന്ത വീഥിയില അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കുമാരനാശാന്റെ നളിനി, മോഹന്‍ലാല്‍ അഭിനയ കലയിലെ ഇതിഹാസം, നാരായണ ഗുരുസ്വാമി, അയ്യപ്പപ്പണണിക്കരും അയ്യപ്പപ്പണിക്കരും തുടങ്ങിയവയാണ് സാനുമാസ്റ്ററിന്റെ പ്രധാന കൃതികള്‍, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം,  പത്മപ്രഭാ പുരസ്‌ക്കാരം, എന്‍.കെ ശേഖര്‍ പുരസ്‌ക്കാരം,  കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌ക്കാരം, എഴുത്തച്ചന്‍ പുരസ്‌ക്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങളും സാനുമാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.പരേതയായ രത്‌നമ്മയാണ് ഭാര്യ. മക്കള്‍: എം.എസ് രജ്ജിത്ത് (റിട്ട.എഞ്ചിനീയര്‍കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ), എം.എസ്. രേഖ , എം.എസ് ഗീത (റിട്ട. പ്രൊഫസര്‍  സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി )എം.എസ് സീത ( റിട്ട.ഐസി ഡി എസ്  ) എം.എസ് ഹാരിസ് ( ദുബായ് ,
എമറേറ്റ്‌സ് പവര്‍ കോര്‍പ്പറേഷന്‍).സാനുമാസ്റ്ററിന്റെ മൃതദേഹം ഞായറാഴ്ച (ആഗസ്റ്റ് 03) രാവിലെ 8 മണിയോടെ  വീട്ടിലെത്തിക്കും. 9 മണി മുതല്‍ 10 വരെ വസതിയില്‍ പൊതുദര്‍ശനം  തുടര്‍ന്ന് ടൗണ്‍ ഹാളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെയ്ക്കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു