കയറ്റുമതി മേഖലയില്‍ പുതിയ ഉണര്‍വ്വ് നല്‍കി ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖല 

യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു
കൊച്ചി: രാജ്യത്തെ സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇയു അംഗീകാരം നല്‍കി. ഇതോടെ അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകും.
യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു. വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന്‍ സമുദ്രോല്‍പ്പന്ന വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതോടെ നമ്മുടെ വിദേശനാണ്യ ശേഖരവും വര്‍ധിക്കും.
ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായക നേട്ടം കൈവരിക്കാനായത്.
സമുദ്രോല്‍പ്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും (മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്് അതോറിറ്റി- എംപിഇഡിഎ) എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലിന്റെയും (ഇഐസി) ശ്രമങ്ങളും നേട്ടത്തിന് പിന്നിലുണ്ട്. സമുദ്രോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം മുതല്‍ കയറ്റുമതി വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി. സ്വാമി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഫിഷറിസ് സ്ഥാപനങ്ങളുടെ കുറവ് കയറ്റുമതിക്കാര്‍ക്ക് വലിയ തടസ്സമായിരുന്നു. പുതിയ കരാര്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ക്ക് മികച്ച അവസരം നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണികള്‍. 2025 ഒക്ടോബര്‍ 1-ന് പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ-ഇഎഫ് ടിഎ വ്യാപാര കരാര്‍ വഴി നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എംപിഇഡിഎ സ്വീകരിച്ച നടപടികളില്‍ അക്വാകള്‍ച്ചറില്‍ ഗുഡ് മാനേജ്‌മെന്റ് പ്രാക്ടീസസ് (ജിഎംപി)  അവബോധം, ഫാം എന്‍ റോള്‍മെന്റ്, പ്രീ-ഹാര്‍വെസ്റ്റ് ടെസ്റ്റിംഗ് (പിഎച് ടി) വഴി അവശിഷ്ടങ്ങള്‍ നിരീക്ഷിക്കല്‍, ഉത്പാദനം മുതല്‍ സംസ്‌കരണം വരെയുള്ള ഹസാപ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.2024-25 കാലയളവില്‍ 62,408.45 കോടി രൂപയുടെ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 16,98,170 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഈ കാലയളവില്‍ അളവിലും മൂല്യത്തിലും മുന്നിട്ട് നിന്നത് ശീതീകരിച്ച ചെമ്മീനാണ്
ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂണിയന്‍. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15.10% വരും. 2024-2025 കാലയളവില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് 9429.56 കോടി രൂപയുടെ (1125.60 ദശലക്ഷം യുഎസ് ഡോളര്‍) മൂല്യമുള്ള 2,15,080 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.  ഈ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്ത ഇനങ്ങള്‍ ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയാണ്.2024-ല്‍ 67.84 ബില്യണ്‍ യുഎസ് ഡോളറിന്റെ സമുദ്രോല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്തപ്പോള്‍, അതില്‍ ഇന്ത്യയുടെ പങ്ക് 1.50% മാത്രമായിരുന്നു. ശീതീകരിച്ച ചെമ്മീന്‍, ഫ്രോസണ്‍ സെഫലോപോഡുകള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത് ഇത്തരം വ്യാപാര സാധ്യതകള്‍ക്ക് ഉത്തേജനമാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു