വിവരാധിക്യവും, ചിന്താശേഷിക്കുറവുമാണ്, ആധുനിക ചികിത്സ രംഗം അനുഭവിക്കുന്ന വെല്ലുവിളിയെന്നും കേരള സ്റ്റേറ്റ് ഐഎംഎ റിസര്‍ച്ച് സെല്‍ കണ്‍വീനറും, ഐഎംഎ കൊച്ചിന് സയന്റിഫിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. രാജീവ് ജയദേവന് അഭിപ്രായപ്പെട്ടു
കൊച്ചി: പുതുതായി വികസിപ്പിച്ചെടുത്ത ക്യാന്‍സര്‍ വാക്സിന്, അര്‍ബുദത്തെ പ്രതിരോധിക്കാനുള്ളതല്ല, മറിച്ച് ഒരിക്കല്‍ കാന്‍സര്‍ ബാധിതരായവരില്‍, രോഗം ആവര്‍ത്തിക്കുന്നത് തടയാനുള്ളതാണെന്ന്, കേരള സ്റ്റേറ്റ് ഐഎംഎ റിസര്‍ച്ച് സെല്‍ കണ്‍വീനറും, ഐഎംഎ കൊച്ചിന് സയന്റിഫിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. രാജീവ് ജയദേവന്. കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ചികിത്സാ ക്യാന്‍സര്‍ വാക്സിനുകളുടെ വികസനം ഉള്‍പ്പെടെ, ക്യാന്‍സര്‍ ചികിത്സ രംഗത്ത് കൈവരിച്ച പുരോഗതികള്‍ എടുത്തുപറഞ്ഞുകൊണ്ടാണ്, ഡോ. രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വാക്സിന്, ആരോഗ്യവാന്മാരില്, കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല. മറിച്ച് രോഗം ആവര്‍ത്തിക്കുന്നത് തടയാനാണ്.
രോഗിയുടെ ശരീരത്തിലുള്ള പ്രതിരോധ സംവിധാനത്തെ, അവരവര്‍ക്കു മുന്‍പ് വന്ന പ്രത്യേക ഇനം കാന്‍സറിന്റെ കോശങ്ങളെ തിരിച്ചറിയാനും, അഥവാ പില്ക്കാലത്ത് അതേ കാന്‍സര്‍ തിരികെ വന്നാല്‍ അവയെ ഇല്ലാതാക്കാനും പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ഇത്, ഇമ്യൂണോതെറാപ്പിയുടെ ഭാഗമായി വരുന്ന ഒരു വ്യക്തിഗത നിയോ ആന്റിജന്‍ തെറാപ്പിയാണെന്നും ഡോ. രാജീവ് ജയദേവന് വിശദീകരിച്ചു. വിവരാധിക്യവും, ചിന്താശേഷിക്കുറവുമാണ്, ആധുനിക ചികിത്സ രംഗം അനുഭവിക്കുന്ന വെല്ലുവിളിയെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ ചികിത്സ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സ നല്‍കുക എന്നതാണ് ആരോഗ്യപ്രവര്‍ത്തകരുടെ കടമയെന്നും കോണ്‍ഫറന്‍സ് ഓര്‍ഗനൈസിങ് സെക്രട്ടറിയും, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അരുണ്‍ ആര്. വാരിയര്‍ പറഞ്ഞു.
രോഗ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുന്നൂറില്‍ അധികം ഓങ്കോളജിസ്റ്റുകള്‍, ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റുകള്‍, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഒരുമിച്ചിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ രംഗത്തെ, പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ശസ്ത്രക്രിയയില്ലാത്ത ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുമുണ്ട്. വന്‍കുടല്‍ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയ, റേഡിയേഷന്, ജീനോമിക് മേഖലകളെക്കുറിച്ചുള്ള വര്‍ക്ക്ഷോപ്പുകളും സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു. ജിഐഒഎസ് വൈസ് പ്രസിഡന്റ് ഡോ. റീന എഞ്ചിനീയര്‍, ജിഐഒഎസ് സെക്രട്ടറി ഡോ. രാഹുല്‍ കൃഷ്ണട്രി, ജിഐഒഎസ് 2025 ശാസ്ത്രസമിതി ചെയര്‍മാനും, ലിസി ആശുപത്രിയിലെ റേഡിയേഷന് ഓങ്കോളജിസ്റ്റുമായ ഡോ. അരുണ്‍ ലാല്‍, രാജഗിരി ആശുപത്രിയിലെ സീനിയര്‍ ഗാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിന്, എം.വി.ആര് കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍, എ.ആര്.ഒ.ഐ നാഷണല്‍ പ്രസിഡന്റ് ഇലക്ട് ഡോ. സി. എസ്. മാധു, ഐ.സി.എം.ആര്‍എന്‍.സി.ഡി.ഐ.ആര് ഡയറക്ടര്‍ ഡോ. പ്രശാന്ത് മാതൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

