സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, സിബിഐ, കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്
കൊച്ചി: ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, സിബിഐ, കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്കും തൂക്കവും രേഖപ്പെടുത്തണം. നാളിതുവരെ ഇത്തരം വഴിപാടുകളുടെ വിവരങ്ങള്‍ ഒന്നും തന്നെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന രീതിയില്‍ ലഭ്യമാക്കിയിട്ടില്ല. ഇതില്‍ തന്നെ കള്ളത്തരം വ്യക്തമാണ്, തീര്‍ത്തും അലക്ഷ്യമായാണ് ഭക്തര്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്ന വിലയേറിയ വഴിപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇവയൊക്കെ വന്‍തോതില്‍ അപഹരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളും വിഎച്ച്പി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്ഷേത്ര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ചുമതലയൊഴിയുമ്പോഴും പകരം ചുമതലക്കാര്‍ എത്തുമ്പോഴും ഹാന്റ് ഓവര്‍, ടേക്കിങ് ഓവര്‍ രേഖകള്‍ കൃത്യമായി ഉണ്ടാവണം. ഇത്തരത്തിലുള്ള കഴിഞ്ഞ 20 വര്‍ഷത്തെ രേഖകള്‍ സിഎജി ഓഡിറ്റിങിന് വിധേയമാക്കണമെന്ന് വിഎച്ച്പി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും കാലങ്ങളിലെങ്കിലും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മാറി കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താനാണ് ഇത്തരമൊരു നീക്കവുമായി വിഎച്ച്പി രംഗത്ത് വന്നതെന്നും അനില്‍ വിളയില്‍ പറഞ്ഞു.

