ചെന്നൈക്ക് ആറ് കളിയില്‍ ഒന്‍പത് പോയിന്റായി. സമീര്‍ ചൗധരിയാണ് കളിയിലെ താരം.
ഹൈദരാബാദ്: ആര്‍ ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന് നാലാം ജയം. ഡല്‍ഹി തൂഫാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 15-10, 15-10, 15-10. ചെന്നൈ മൂന്നാമതും ഡല്‍ഹി ആറാമതുമാണ്. ചെന്നൈക്ക് ആറ് കളിയില്‍ ഒന്‍പത് പോയിന്റായി. സമീര്‍ ചൗധരിയാണ് കളിയിലെ താരം. തരുണ്‍ ഗൗഡയും ജെറോം വിനിതും കരുത്തുറ്റ തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. അതേസമയം, ഹെസ്യൂസ് ചൗറിയോ ഡല്‍ഹിയെ കാത്തു. പക്ഷേ, ലൂയിസ് പെറോറ്റോ ഡല്‍ഹി പ്രതിരോധത്തെ തകര്‍ത്ത് ചെന്നൈയെ തിരികെ കൊണ്ടുവരികയായിരുന്നു. ബ്ലോക്കര്‍ സുരാജ് ച!ൗധരിയുടെ മിടുക്കും കൂടിയായപ്പോള്‍ തുടക്കത്തില്‍തന്നെ ചെന്നൈ ലീഡ് നേടി.
ലിബെറോ ആനന്ദാണ് ഡല്‍ഹിയെ മികച്ച കളിയിലൂടെ ഉണര്‍ത്തിയത്. അതേസമയം, ചെന്നൈയുടെ സെറ്റര്‍ സമീര്‍ മികച്ച പാസുകളിലൂടെ ഡല്‍ഹിയെ പ്രതിരോധത്തിലാക്കി. പിന്നാലെ അസിസ്‌ബെക് കുച്‌കൊറോവ് കളത്തില്‍ ചെന്നൈയുടെ അറ്റാക്കിങ് നിരയ്ക്ക് കരുത്തു പകര്‍ന്നു. കളി ചെന്നൈയുടെ നിയന്ത്രണത്തിലുമായി. മിഡില്‍ സോണിലെ ചെന്നൈയുടെ ദൗര്‍ബല്യം മുതലെടുത്ത ചെന്നൈ ആഞ്ഞടിച്ചു. സുരാജിന് അവസരമൊരുക്കി സമീറാണ് ചെന്നൈയുടെ കളി വേഗത്തിലാക്കിയത്. ജെറോമും അതിനൊപ്പം ചേര്‍ന്നു. പിന്നാലെ നിര്‍ണായക സൂപ്പര്‍ പോയിന്റിലൂടെ ചെന്നൈ കളി പിടിച്ചു. സൂപ്പര്‍ സെര്‍വിലൂടെ തരുണാണ് ജയമൊരുക്കിയത്. ഇന്ന് വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

