സീസണില്‍ ഒരു ജയം മാത്രം നേടിയാണ് കാലിക്കറ്റ് മടങ്ങുന്നത്. രണ്ടാം ജയത്തോടെ കൊച്ചി എട്ടാമതെത്തി. ഒരു കളി ബാക്കിയുണ്ട്
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെര്‍ബിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസിനെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി. സ്‌കോര്‍: 15-13, 9-15, 15-8, 15-3. പി.എ മൊഹ്‌സിന്‍ ആണ് കളിയിലെ താരം. ബ്ലോക്കര്‍ ജസ്‌ജോത് സിങ്ങിന്റെ നേതൃത്വത്തില്‍ മികച്ച തുടക്കമാണ് കൊച്ചി കുറിച്ചത്. എറിന്‍ വര്‍ഗീസിന്റെ സൂപ്പര്‍ സെര്‍വില്‍ അവര്‍ ലീഡും ഉയര്‍ത്തി. അശോക് ബിഷ്‌ണോയിയാണ് കാലിക്കറ്റിനായി പൊരുതിയത്. പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീന്‍ തടഞ്ഞു. ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ് കളിപിടിക്കാന്‍ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്റെ പോരാട്ടത്തിനിടയിലും ഹേമന്തിന്റെ സൂപ്പര്‍ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഷമീമും സന്തോഷും ചേര്‍ന്നാണ് കാലിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
സെറ്റര്‍ മൊഹ്‌സിന്‍ കൊച്ചിക്കായി നിരവധി അവസരങ്ങള്‍ ഒരുക്കിയെങ്കിലും ബിഷ്‌ണോയിയുടെ മികവില്‍ കാലിക്കറ്റ് തിരിച്ചുവന്നു. ഇതോടെ കൊച്ചി ബ്ലോക്കര്‍ അമരീന്ദര്‍പാല്‍ സിങ്ങിനെ കളത്തിലേക്ക് തിരികെകൊണ്ടുവന്നു. പക്ഷേ, ബിഷ്‌ണോയി വിടവുകള്‍ കണ്ടെത്തി പോയിന്റുകള്‍ നേടിക്കൊണ്ടിരുന്നു. പിന്നാലെ സൂപ്പര്‍ പോയിന്റിലൂടെ കാലിക്കറ്റിനെ ഒപ്പമെത്തിക്കുകയും ചെയ്തു. ജസ്‌ജോദിന്റെ മിടുക്കിലാണ് കൊച്ചി ഉണര്‍ന്നത്. എറിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളും കാലിക്കറ്റിനെ സമ്മര്‍ദത്തിലാക്കി. കാലിക്കറ്റ് ലിബെറോ മുകേഷ് പ്രതിരോധത്തില്‍ തിളങ്ങിയെങ്കിലും അമലിന്റെ മികവില്‍ കൊച്ചി വീണ്ടും ലീഡ് എടുത്തു. അബ്ദുള്‍ റഹീമിന്റെ പോരാട്ടത്തിലാണ് കാലിക്കറ്റ് തിരിച്ചുവരാന്‍ ശ്രമിച്ചത്. എന്നാല്‍ അമലും എറിനും ആ സാധ്യതകള്‍ അവസാനിപ്പിക്കുകയായിരുന്നു.തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ പോയിന്റുകളിലൂടെയായിരുന്നു മുന്നേറ്റം. ഒടുവില്‍ ഹേമന്തിന്റെ ഓള്‍ റൗണ്ട് മികവില്‍ കൊച്ചി ജയം പൂര്‍ത്തിയാക്കി. സീസണില്‍ ഒരു ജയം മാത്രം നേടിയാണ് കാലിക്കറ്റ് മടങ്ങുന്നത്. രണ്ടാം ജയത്തോടെ കൊച്ചി എട്ടാമതെത്തി. ഒരു കളി ബാക്കിയുണ്ട്.

