സായുധ സേനകള്‍ നമ്മുടെ രാജ്യത്തെയും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കുമ്പോള്‍, പോലീസ് സേനകള്‍ സമൂഹത്തെയും സാമൂഹിക ഐക്യത്തെയും സംരക്ഷിക്കുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ന്യൂഡല്‍ഹി: സായുധ സേനകളും പോലീസ് സേനകളും ദേശ സുരക്ഷയുടെ സ്തംഭങ്ങളാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനകള്‍ നമ്മുടെ രാജ്യത്തെയും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കുമ്പോള്‍, പോലീസ് സേനകള്‍ സമൂഹത്തെയും സാമൂഹിക ഐക്യത്തെയും സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ജനങ്ങള്‍ സമാധാനമായി ഉറങ്ങുന്നുണ്ടെങ്കില്‍, ജാഗ്രത്തായ നമ്മുടെ സായുധ സേനയിലും പോലീസ് സേനയിലും അവര്‍ക്കുള്ള വിശ്വാസമാണ് അതിന് കാരണം. ഈ ആത്മവിശ്വാസമാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിരതയ്ക്ക് അടിത്തറ പാകുന്നത്. സൈന്യവും പോലീസും വ്യത്യസ്ത മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്, പക്ഷേ അവരുടെ ദൗത്യം ഒന്നുതന്നെയാണ് രാഷ്ട്രത്തെ സംരക്ഷിക്കുക. ഒരുകാലത്ത് നക്‌സലൈറ്റ് കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. ് ചുവന്ന ഇടനാഴി (റെഡ് കോറിഡോര്‍) എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ വളര്‍ച്ചാ ഇടനാഴികളായി മാറിയിരിക്കുന്നു. ഈ വിജയത്തിന് നമ്മുടെ പോലീസും സുരക്ഷാ സേനയും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2047 ഓടെ വികസിത ഭാരതം സാക്ഷാത്ക്കരിക്കാന്‍, രാജ്യത്തിന്റെ ബാഹ്യവും ആന്തരികവുമായ സുരക്ഷയെ സന്തുലിതമാക്കുകയെന്നത് എക്കാലത്തേക്കാളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ തന്നെ, സമൂഹത്തിനുള്ളില്‍ പുതിയ തരം കുറ്റകൃത്യങ്ങള്‍, ഭീകരത, പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ എന്നിവയും ഉയര്‍ന്നുവരുന്നുണ്ടെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ കൂടുതല്‍ സംഘടിതവും അദൃശ്യവും സങ്കീര്‍ണ്ണവുമായി മാറിയിരിക്കുന്നുവെന്നും, അതിന്റെ ഉദ്ദേശ്യം സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, വിശ്വാസം തകര്‍ക്കുക, രാജ്യത്തിന്റെ സ്ഥിരതയെ വെല്ലുവിളിക്കുക എന്നിവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാര്‍ പങ്കാളികളെപ്പോലെ പ്രവര്‍ത്തിക്കുകയും നിയമത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പോലീസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. സമൂഹവും പോലീസും തമ്മിലുള്ള ബന്ധം പരസ്പര ധാരണയിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമാകുമ്പോള്‍, രണ്ടും അഭിവൃദ്ധിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കേന്ദ്ര സായുധ പോലീസ് സേനയുടെയും, ഡല്‍ഹി പോലീസിന്റെയും സംയുക്ത പരേഡ് നടന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് സിംഗ് ചൗധരി, സിഎപിഎഫ് മേധാവിമാര്‍, വിരമിച്ച ഡിജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതൊക്കെ സെക്രട്ടറി തരും

