പ്രൈംവോളി ബോള്‍:  ടോര്‍പ്പിഡോസിന്റെ കീരീടധാരണത്തിന് കരുത്തായത് മലയാളി താരങ്ങളും ടീമിന്റെ ഐക്യവും: ഡേവിഡ് ലീ

ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സീസണില്‍ ഒരൊറ്റ മത്സരം മാത്രം തോറ്റ ശക്തരായ മുംബൈക്കെതിരായ ബംഗളൂരിന്റെ വിജയം.
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ കരുത്തരായ മുംബൈ മിറ്റിയോഴ്‌സിനെതിരെ ആധികാരിക ജയം നേടി ചാമ്പ്യന്‍മാരായ ബെംഗളൂരു ടോര്‍പ്പിഡോസിന് കരുത്തായി മലയാളി താരങ്ങള്‍. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സീസണില്‍ ഒരൊറ്റ മത്സരം മാത്രം തോറ്റ ശക്തരായ മുംബൈക്കെതിരായ ബംഗളൂരിന്റെ വിജയം. 2023 ഫൈനലില്‍ തോറ്റ ടീം ഇത്തവണ ചരിത്രജയമാണ് കുറിച്ചത്. ക്യാപ്റ്റന്‍ മാറ്റ് വെസ്റ്റിന്റെ സെമിഫൈനലിലെ അഭാവം ഉള്‍പ്പെടെ തങ്ങള്‍ക്ക് മുന്നില്‍ വന്ന എല്ലാ വെല്ലുവിളികളെയും മറികടന്നായിരുന്നു ടീമിന്റെ വിജയം. തിരിച്ചടികളുണ്ടായ സന്ദര്‍ഭത്തിലെല്ലാം സംയമനവും ഐക്യവും പ്രകടിപ്പിച്ചാണ് ടീം ഫൈനലിലേക്ക് മുന്നേറിയതും കിരീടത്തില്‍ മുത്തമിട്ടതും. പല മത്സരങ്ങളിലും പിന്നില്‍ നിന്ന് ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവും ജയവുമെന്നതും ശ്രദ്ധേയമാണ്. 22കാരനായ ജോയല്‍ ബെഞ്ചമിന്‍ ആണ് ബംഗളൂരിന്റെ സീസണിലെ മികച്ച പ്രകടനക്കാരിലൊരാള്‍.

തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ഏറ്റവും മൂല്യമേറിയ താരമായും, മികച്ച അറ്റാക്കറുമായും ജോയല്‍ തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം ജോയലിന്റെ അറ്റാക്കിങ് പവറും സ്ഥിരതയും എതിര്‍ടീമിലെ പ്രതിരോധക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച സെര്‍വര്‍ക്കുള്ള പുരസ്‌കാരം നേടിയ ടി. ആര്‍ സേതു, മിഡില്‍ ബ്ലോക്കര്‍മാരും മലയാളി താരങ്ങളുമായ എം.സി മുജീബ്, പി.വി ജിഷ്ണു, അമേരിക്കന്‍ അറ്റാക്കറായ ജാലെന്‍ പെന്റോസ്,  സഹതാരവും ക്യാപ്റ്റനുമായ മാറ്റ് വെസ്റ്റ്, മലയാളി ലിബറോ ആയ ബി. മിഥുന്‍ കുമാര്‍ തുടങ്ങിയവരും ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. യൂണിവേഴ്‌സല്‍ ഐബിന്‍ ജോസ് ആയിരുന്നു ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം. ‘ഈ ടീം കുറച്ച് സീസണുകളായി കിരീടത്തിന്റെ വക്കിലെത്തി നില്‍ക്കുകയായിരുന്നു, ഒടുവില്‍, ഞങ്ങള്‍ ആ കടമ്പ കടന്നുവെന്ന് ബംഗളുരു ടോര്‍പ്പിഡോസ് ഹെഡ് കോച്ചും, രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ ഡേവിഡ് ലീ പറഞ്ഞു. ഒത്തൊരുമയായിരുന്നു ടീമിന്റെ കരുത്ത്. സെര്‍വ്, പാസ് എന്നിവയ്‌ക്കൊപ്പം ആത്മാര്‍ഥത കൂടി ഉപയോഗിച്ചാണ് ഞങ്ങള്‍ എതിരാളികളെ മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു