സൂപ്പര്‍ കപ്പ്: ഡല്‍ഹിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

സ്പാനിഷ് സ്‌ട്രൈക്കര്‍ കോള്‍ഡോ ഒബിയെറ്റ ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളും, പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ഡേവിഡ് കാറ്റലയുടെ ടീമിന് ആധിപത്യമുള്ള വിജയം സമ്മാനിച്ചത്.
പനാജി: സൂപ്പര്‍ കപ്പ് പോരാട്ടങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ജി.എം.സി ബാംബോളിം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് (3-0) തകര്‍ത്തത്. സ്പാനിഷ് സ്‌ട്രൈക്കര്‍ കോള്‍ഡോ ഒബിയെറ്റ ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളും, പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ഡേവിഡ് കാറ്റലയുടെ ടീമിന് ആധിപത്യമുള്ള വിജയം സമ്മാനിച്ചത്.മുന്‍ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കോച്ച് കാറ്റല ടീമിനെ ഇറക്കിയത്. ഡൂസന്‍ ലഗേറ്റര്‍, നോഹ സദൂയി എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി. ഈ മത്സരത്തില്‍ അഞ്ച് വിദേശ താരങ്ങളെയാണ് അദ്ദേഹം കളത്തിലിറക്കിയത്. കളി തുടങ്ങിയത് മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ മികവ് കാട്ടി. ആദ്യ മിനിറ്റുകളില്‍ത്തന്നെ നോഹയുടെ ഷോട്ട് ഡല്‍ഹി ഗോള്‍കീപ്പറെ പരീക്ഷിച്ചു. തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ ഹുവാന്‍ റോഡ്രിഗസിന്റെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് ഗോളിന് തൊട്ടടുത്തെത്തിയ നിമിഷമായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിന് ഫലം കണ്ടത് 18ാം മിനിറ്റിലാണ്,  ഡല്‍ഹിയുടെ പ്രതിരോധനിര വരുത്തിയ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ കോള്‍ഡോ ഒബിയെറ്റ ശാന്തമായി പന്ത് വലയിലെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച ലീഡ് നല്‍കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉയര്‍ന്ന പ്രസ്സിങ്ങും വേഗത്തിലുള്ള മുന്നേറ്റങ്ങളും പിന്നെയും തുടര്‍ന്നു, പത്ത് മിനിറ്റിനുള്ളില്‍ത്തന്നെ നിഹാല്‍ സുധീഷിന്റെ മനോഹരമായ നീക്കത്തില്‍ നിന്ന് വീണ്ടും അവസരം ലഭിച്ച കോള്‍ഡോ, ക്ലിനിക്കല്‍ ഫിനിഷിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി.ബ്ലാസ്‌റ്റേഴ്‌സ് അവിടെയും നിര്‍ത്തിയില്ല. 33ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ നല്‍കിയ കൃത്യതയാര്‍ന്ന ലോങ് പാസ് കൊറോ സിങ്ങിന്റെ കാലുകളിലേക്ക്. യുവതാരം പിഴവുകളില്ലാതെ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ച് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ സ്‌കോര്‍ 30 ആക്കി. ബ്ലാസ്‌റ്റേഴ്‌സ് സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ ഡല്‍ഹി പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.
രണ്ടാം പകുതിയിലും കളിയിലെ നിയന്ത്രണം ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. നിഹാലിന്റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍, നോഹയുടെയും കൊറോയുടെയും ഷോട്ടുകള്‍ എന്നിവ ഡല്‍ഹി ഗോള്‍കീപ്പറെ നിരന്തരം പരീക്ഷിച്ചു. 55ാം മിനിറ്റില്‍ വിബിന്‍ മോഹനന്‍, ഐബാന്‍ ദോഹ്ലിങ് എന്നിവരെ ഇറക്കി കാറ്റല ടീമിന്റെ താളം നിലനിര്‍ത്തി. ഡല്‍ഹി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും, ഹുവാന്‍ റോഡ്രിഗസ്, ബികാഷ് യുമ്‌നം എന്നിവരടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ പ്രതിരോധം അതിനെല്ലാം തടയിട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനായി പോര്‍ച്ചുഗീസ് താരം  ടിയാഗോ ആല്‍വെസ് അരങ്ങേറ്റം കുറിച്ചു, അധിക സമയത്ത് ലഭിച്ച ഫ്രീകിക്ക് എടുത്ത ടിയാഗോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോളാകാതെ പോയി. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുകളും രണ്ട് ക്ലീന്‍ ഷീറ്റുകളും നേടി ബ്ലാസ്‌റ്റേഴ്‌സ് മുന്നേറുകയാണ്. ടീമിന്റെ ആക്രമണ മികവ്, തന്ത്രപരമായ അച്ചടക്കം, സംയമനം എന്നിവ കാറ്റലയുടെ പുതിയ ഫുട്‌ബോള്‍ ശൈലിയെയാണ് സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് നവംബര്‍ 6ന് ഗ്രൂപ്പ് സ്‌റ്റേജിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു