ഓരോ ജില്ലയെയും പ്രത്യേക ലേബര്‍ മാര്‍ക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതായി തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ ജില്ലയെയും പ്രത്യേക ലേബര്‍ മാര്‍ക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയില്‍ എത്തിച്ച് ഗുണനിലവാരം ഉറപ്പാക്കി സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ കെയ്‌സില്‍ അക്രെഡിറ്റ് ചെയ്യുന്നതിനുള്ള അക്രഡിറ്റേഷന്‍ പോളിസി തയ്യാറാക്കി കെയ്‌സ് ഭരണസമിതി അംഗീകാരം നല്‍കി. ഈ അക്രഡിക്കേഷന്‍ പോളിസി നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ നൈപുണ്യ പരിശീലന രംഗത്ത് അനുഭവസമ്പത്തും വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി നൈപുണ്യ പരിശീലനം മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട പതിനയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2026 മാര്‍ച്ച് മാസത്തിനകം മുപ്പത്തിനാല് കോടി രൂപ ചെലവിട്ട് സംസ്ഥാന നൈപുണ്യ വികസന മിഷന്‍ മുഖാന്തരം പി.എം.കെ.വി.വൈ ഫോര്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നല്‍കുന്നു.കേന്ദ്ര നൈപുണ്യവും സംരംഭകത്വവും വകുപ്പും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി രാജ്യത്ത് ആദ്യമായി മെട്രോ ആന്‍ഡ് റെയില്‍ ടെക്‌നോളജി മേഖലയില്‍ ദേശീയ പരിശീലന സ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയില്‍ ഡ്രോണ്‍ ടെക്‌നോളജിയില്‍ ഐഐടി പാലക്കാട്, നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ പരിശീലനം നല്‍കും.
2026 മാര്‍ച്ച് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും വിധം തിരുവനന്തപുരത്ത് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ സ്‌കില്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററും മൈഗ്രേഷന്‍ സെന്ററും സ്ഥാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് സ്ഥാപിക്കും. കൊച്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് 2026 ജനുവരി മാസത്തിനകം ഉദ്ഘാടനത്തിന് തയ്യാറാകും.വിദേശ ഭാഷാ പരിശീലനത്തിന്റെ ഗുണനിലവാരവും സര്‍ട്ടിഫിക്കേഷന്‍ സൗകര്യങ്ങളും ഉറപ്പു വരുത്തി ജര്‍മ്മന്‍ ഭാഷാ പരിശീലന സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളായ ഗോഥെ ഇന്‍സ്റ്റിറ്റിയൂട്ട്, ഒ.എസ്.ഡി., എന്നിവയുമായി സഹകരിച്ച് സ്വകാര്യഭാഷാ പരിശീലന സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദേശ ഭാഷാ പരിശീലനത്തിന്റെ നിലവാരം ഉറപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പില്‍ വരുത്തും. ഡിസംബര്‍ 12ന് ഇതുസംബന്ധിച്ച കരാറില്‍ ബഹുമാനപ്പെട്ട ജര്‍മ്മന്‍ അംബാസിഡറുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന നൈപുണ്യ വികസന മിഷനും ഗോഥെ ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ ഏര്‍പ്പെടും.ജര്‍മ്മനിയില്‍ ഒരു ലക്ഷം രൂപ പ്രതിമാസ സ്‌റ്റൈപ്പന്റോടെ വൊക്കേഷണല്‍ ട്രെയിനിംഗ് പരിശീലനത്തിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാമൂഹിക വിഭാഗങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യത്ത് ആദ്യമായി ഇന്‍ഡോ ജര്‍മ്മന്‍ ട്രെയിനിംഗ് ഫെയര്‍ സംഘടിപ്പിക്കുന്നു.2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ട്രെയിനിംഗ് ഫെയര്‍ പൂര്‍ത്തീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ് അവസരം ഉറപ്പാക്കുന്നതിനുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മികച്ച നൈപുണ്യ ശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ പ്രാദേശിക തലത്തില്‍ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കും.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ സമൂഹത്തിനെ സംസ്ഥാനത്ത് എത്തിച്ച് സംസ്ഥാന വ്യവസായ വകുപ്പ് ഊന്നല്‍ നല്‍കുന്ന 22 വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും അതുവഴി മികച്ച തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്തിനകത്ത് സൃഷ്ടിക്കാനുമാണ് തൊഴിലും നൈപുണ്യവും വകുപ്പ് ലക്ഷ്യമിടുന്നത്.ഇതിന്റെ ആദ്യ പടിയായി ജര്‍മ്മനിയില്‍ നിന്നും 27 നിക്ഷേപകര്‍ അടങ്ങുന്ന സംഘത്തെ ഒക്‌ടോബര്‍ 24, 25 തീയതികളില്‍ സംസ്ഥാനത്ത് എത്തിച്ച് വിവിധ വ്യവസായ പ്രതിനിധികളുമായി നിക്ഷേപം സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് ജര്‍മ്മന്‍ സംഘം താല്‍പര്യപത്രം സമര്‍പ്പിച്ചു. ജര്‍മ്മനിയിലെ ഫ്രാന്‍ക്‌ഫെര്‍ട്ട് നഗരം ഉള്‍പ്പെടുന്ന ഹെസന്‍ എന്ന സംസ്ഥാനത്തെ കേരളത്തിന്റെ സഹോദര സംസ്ഥാനമാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു. 2026 ജനുവരി മാസത്തിനുള്ളില്‍ കേരളവും ജര്‍മ്മന്‍ സംസ്ഥാനമായ ഹെസനുമായി സഹോദര സംസ്ഥാനം എന്ന കരാര്‍ സാക്ഷാത്കരിക്കുവാന്‍ സാധിക്കും. ഇതുവഴി സാങ്കേതിക രംഗത്തും സാമ്പത്തികരംഗത്തും മാനവ വിഭവ ശേഷി പ്രയോജനപ്പെടുത്തുന്നതിലും പരസ്പരം സഹകരിക്കുന്നതിനും സാധിക്കും. ഹെസന്‍ സംസ്ഥാനം കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതും നൈപുണ്യ പരിശീലന രംഗത്തും ജര്‍മ്മനിയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

