തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും ശബ്ദത്തിലൂടെ നിരീക്ഷിക്കാാം ;  പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍

പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ്  എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റര്‍ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര സസ്തനി ഗവേഷണത്തില്‍ വലിയ ചുവടുവെപ്പാകും.
കൊച്ചി: സമുദ്ര സസ്തനികളെ ശബ്ദവീചികളിലൂടെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകര്‍. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ആഗോള മറൈന്‍ സിംപോസയിത്തിലെ സമുദ്രസസ്തനികളെ കുറിച്ചുള്ള പ്രത്യേക സെഷനില്‍ പുതിയ ഗവേഷണരീതി ചര്‍ച്ചയായി. പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ്  എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റര്‍ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര സസ്തനി ഗവേഷണത്തില്‍ വലിയ ചുവടുവെപ്പാകും. വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വെള്ളത്തിനടിയിലൂടെ ശബ്ദം സഞ്ചരിക്കുന്നതിനാല്‍, രാപ്പകല്‍ ഭേദമില്ലാതെ സമുദ്രജീവികളെ നിരീക്ഷിക്കാന്‍ ഈ രീതി സഹായകരമാകും. ബൂയികള്‍, ടാഗുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കടല്‍ സസ്തനികളുടെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത്, അവയുടെ സാന്നിധ്യം, എണ്ണം, ദേശാടന വഴികള്‍ എന്നിവ കണ്ടെത്താനാകും. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ കൂടി സംയോജിപ്പിക്കുന്നതിലൂടെ ഓരോ ഇനം സസ്തനികളെയും കൃത്യമായി മനസ്സിലാക്കാനാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

സമുദ്ര സസ്തനികള്‍ നേരിടുന്ന നിരവധി വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍   ഇവയുടെ ദീര്‍ഘകാല സംരക്ഷണത്തിനായി ദേശീയ കര്‍മ്മ പദ്ധതി രൂപീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ആവാസവ്യവസ്ഥാ നശീകരണം, മലിനീകരണം, കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന വലകളിലെ കുരുക്ക് എന്നിവയാണ് ജീവികള്‍ക്ക് പ്രധാന ഭീഷണിയാണ്. സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിന്റെ ഫലമായി അമേരിക്കന്‍ ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചതും സംഗമത്തില്‍ ചര്‍ച്ചയായി. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു സിഎംഎഫ്ആര്‍ഐയുടെ പഠനം. ഗവേഷണം, നിരീക്ഷണം, സംരക്ഷണം എന്നിവ ഏകോപിപ്പിക്കാനായി  ദേശീയതലത്തില്‍ മള്‍ട്ടിഇന്‍സ്റ്റിറ്റിയൂഷണല്‍ നെറ്റ്‌വര്‍ക്ക് അടിയന്തരമായി രൂപീകരിക്കണം. കരയ്ക്കടിയുന്ന ജീവികളെ കൈകാര്യം ചെയ്യാനും പോസ്റ്റ്‌മോര്‍ട്ടം നടത്താനും യോഗ്യരായ ശാസ്ത്രജ്ഞര്‍ക്ക് അധികാരം നല്‍കണം. ഡേറ്റ ശേഖരണത്തിനും പ്രതികരണത്തിനുമായി ദേശീയ പ്രോട്ടോക്കോള്‍ ഉണ്ടാകുന്നത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും സംഗമം വിലയിരുത്തി. കുഫോസ് വൈസ്ചാന്‍സലര്‍ ഡോ എ ബിജുകുമാര്‍, ഡോ ജെ ജയശങ്കര്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു