ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് ഇന്‍ഫോസിസ് പ്രൈസ്.
കൊച്ചി :ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന് (ഐ.എസ്.എഫ്) ഈ വര്‍ഷത്തെ ഇന്‍ഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് ഇന്‍ഫോസിസ് പ്രൈസ്. സാമ്പത്തിക ശാസ്ത്രത്തില്‍ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ നിഖില്‍ അഗര്‍വാളിനും എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ ടൊറന്റോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സുശാന്ത് സച്ച്ദേവയ്ക്കുമാണ് പുരസ്കാരങ്ങള്‍.
ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തിലെ പുരസ്കാരത്തിന് അര്‍ഹനായത് ചിക്കാഗോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രൂ ഒല്ലെറ്റും ലൈഫ് സയന്‍സസ് പുരസ്കാരത്തിന് അര്‍ഹയായത് ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ അഞ്ജന ബദ്രിനാരായണനുമാണ്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ അസോസിയേറ്റ് പ്രൊഫസറായ സബ്യസാചി മുഖര്‍ജി ഗണിതശാസ്ത്ര പുരസ്കാരത്തിനും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ കാര്‍ത്തിഷ് മന്ദിറാം ഭൗതികശാസ്ത്രം പുരസ്കാരത്തിനും അര്‍ഹരായി.
ഓരോ വിഭാഗത്തിലും 100,000 യുഎസ് ഡോളര്‍ (അല്ലെങ്കില്‍ അതിനു തുല്യമായ ഇന്ത്യന്‍ രൂപ) സമ്മാനത്തുകയ്ക്ക് പുറമെ ഒരു സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം. വിഖ്യാത പണ്ഡിതരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് ഇന്‍ഫോസിസ് പ്രൈസ് 2025 ലെ ജേതാക്കളെ തിരഞ്ഞെടുത്തത്. ഐഎസ്എഫിന്റെ ട്രസ്റ്റിമാരായ കെ. ദിനേശ്, നാരായണമൂര്‍ത്തി, ശ്രീനാഥ്ബട്നി, ക്രിസ്ഗോപാലകൃഷ്ണന്‍, ഡോ. പ്രതിമമൂര്ത്തി, എസ്. ഡി. ഷിബുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ഫോസിസ്പ്രൈസ് 2025 ലെ വിജയികളെ പ്രഖ്യാപിച്ചത്.

